പത്തനംതിട്ട : ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹര്‍ജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്നും യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു. യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയവ്യതിയാനം. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ വിമർശിച്ചു.
2007 ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും, പിന്നീട് പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് ശബരിമലയിൽ തൽക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന നിലപാടിലേക്ക് മാറിയത്. നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങൾ. സാധുവായ ഒരു ഉത്തരവ് നിലവിൽ ഉണ്ടെന്നിരിക്കെ മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് മറിച്ചൊരു തീരുമാനം എടുക്കുന്നത്. പരിഷ്കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കു. സര്‍ക്കാറും സിപിഎം അടക്കം സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് വിശ്വാസ സംരക്ഷണം സംബന്ധിച്ച ഏഴ് കാര്യങ്ങളിൽ വിശാല ബെഞ്ചിന്‍റെ തീരുമാനം വന്നിട്ട് മതിയെന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ അഞ്ചംഗ ബെഞ്ചിന്‍റെ ഭൂരിപക്ഷ വിധി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ലെങ്കിലും അന്തിമ വിധി വന്ന ശേഷം മതി യുവതീ പ്രവേശനം എന്ന നിലപാടിൽ സർക്കാരും, സിപിഎമും എത്തിയത്.
Post Your Comments