കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ.പമ്പയിലെ പൊലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പമ്പയില്‍ തല്‍ക്കാലം ചെക് പോസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പിന്നീട് കാര്യങ്ങള്‍ വിലയിരുത്തി മാറ്റം വേണമെങ്കില്‍ ആലോചിക്കുമെന്ന് ഡിജിപി പറഞ്ഞു.
ശബരിമലയില്‍ എല്ലാ തീര്‍ഥാടനകാലത്തും ചില പൊലീസ് നിയന്ത്രണങ്ങള്‍ ഉള്ളതാണ്. അത് ഇത്തവണയും ഉണ്ടാവും. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ആലോചനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് ഈ തീര്‍ഥാടനക്കാലത്ത് യുവതികളെ കടത്തിവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം മാറ്റിവയ്ക്കുകയും വിശ്വാസ വിഷയങ്ങള്‍ വിശാലബെഞ്ചിനു വിടുകയും ചെയ്ത സാഹചര്യം ഫലത്തില്‍ നിലവിലെ വിധിക്കു സ്റ്റേ തന്നെയാണ് എന്ന നിയമോപദേശം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. ഈ പശ്ചാത്തലത്തിലാണ് മുന്‍ നിലപാടില്‍നിന്നു പിന്നാക്കം പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മണ്ഡല കാലപൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകീട്ട് തുറക്കാനിരിക്കെ, ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് ഇന്നലെ അറിയിച്ചിരുന്നു. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട പി ബി നൂഹ് വ്യക്തമാക്കി. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.
Post Your Comments