ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇടപെടുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയാന്‍ സംസ്ഥാന പോലീസ് മേധാവിയെ എടപ്പാടി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി.ഫാത്തിമ ലത്തീഫിന്റെ പിതാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.അതേസമയം, ഡിജിപിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയായ ഫാത്തിമ ജീവനൊടുക്കിയ സംഭവത്തില്‍ കാരണക്കാരനായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പിതാവ് ലത്തീഫ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. ഐഐടിയില്‍ മുന്‍കാലങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചും അന്വേഷിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്.
എന്നാല്‍, ആ കയര്‍ എവിടെ നിന്ന് വന്നു. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് ഇതു വരെ അത് തന്നിട്ടില്ല. മുഖ്യമന്ത്രിയേയും ഡിജിപിയെയും കണ്ട് അന്വേഷണം കാര്യക്ഷമമായി നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മകളുടെ ഫോണ്‍ പരിശോധിക്കുന്നത് തങ്ങളുടെ മുന്പിലാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു.സുദര്ശന് പത്മനാഭനാണ് മരണത്തിന് കാരണമെന്ന് പറയുന്ന മകളുടെ കുറിപ്പ് ലത്തീഫ് ഇന്ന് ഡിജിപിക്ക് കൈമാറി.
തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയെയും തനിക്ക് പൂര്‍ണ വിശ്വാസമാണെന്നും പക്ഷേ, ഐഐടി അധികൃതര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും പറഞ്ഞ ലത്തീഫ്. ഫാത്തിമ മരിച്ചിട്ട് ഇന്ന് വരെ ഒരു ഉദ്യോഗസ്ഥനോ അധ്യാപകനോ തന്നെ വിളിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.എല്ലാദിവസവും എട്ടിന് ഹോസ്റ്റലില്‍ കയറുന്ന ഫാത്തിമ നവംബര്‍ എട്ടിന് രാത്രി ഒന്‍പതിന് ഒരു മണിക്കൂര്‍ കാംപസിലിരുന്ന് കരഞ്ഞു. മൂക്കുത്തിയിട്ട ഒരു വെളുത്ത സ്ത്രീ വന്ന് അവളുടെ കണ്ണ് തുടച്ചു എന്നാണ് വിവരം.
അതാരാണെന്ന് അറിയില്ല. മകള്‍ മരിക്കുന്ന അന്ന് അവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. സുദര്ശന് പത്മനാഭന് എന്ന അധ്യാപകനില്‍ നിന്ന് ഏത് തരത്തിലുള്ള പീഡനമാണ് മകള്‍ക്ക് ഉണ്ടായതെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കാരണം ഇനിയൊരു ഫാത്തിമയ്ക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവരുത്- ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments