തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ നരുവാംമൂട് നടുക്കാട് സ്വദേശി ആര്‍ വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ ബസിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളില്‍ ആത്മഹത്യാ വിവരം കുറിച്ച ശേഷമായിരുന്നു വിനോദ് കുമാര്‍ വിഷം കഴിച്ചത്. വിഷം കഴിച്ചശേഷം ഡിപ്പോയിലെത്തിയ വിനോദിനെ സഹപ്രവര്‍ത്തകരാണു സംശയം തോന്നി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഷം ഉള്ളില്‍ ചെന്നതായി സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തു. ശമ്പളം പൂര്‍ണമായും കിട്ടാത്തതിനെത്തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു വിനോദ്. 15 ദിവസത്തെ ശമ്പളം കിട്ടിയിരുന്നെങ്കിലും മിക്കവരുടെയും പണം വായ്പ തിരിച്ചടവ് ഇനത്തില്‍ ബാങ്കുകള്‍ പിടിച്ചിരുന്നു.ബാങ്ക് ലോണ്‍ ഉള്ള വ്യക്തിയാണ് വിനോദ് കുമാര്‍. ശമ്പളം ബാങ്കിലെത്തുന്നതോടെ ബാങ്കുകാര്‍ കുടിശികയുള്ള വായ്പാ തുക പിടിക്കും. പകുതി ശമ്പളം മാത്രമാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസി നല്‍കിയത്. അത് മുഴുവന്‍ ബാങ്കുകാര്‍ ലോണ്‍ കുടിശിക ഇനത്തില്‍ പിടിച്ചതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതെയായി.
പലചരക്കു കടയിലെ പറ്റുകാശ് പോലും തീര്‍ക്കാന്‍ മാര്‍ഗമില്ലാതായതോടെ കഴിഞ്ഞ ദിവസത്തെ ഡബിള്‍ ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് എക്‌സ്ട്രാ ഡ്യൂട്ടി ചെയ്യാനായിരുന്നു വിനോദ് കുമാര്‍ ഡിപ്പോയിലെത്തിയത്. ഇന്ന് ഒരു ഡ്യൂട്ടി കിട്ടിയാല്‍ 450 രൂപ കയ്യില്‍ കിട്ടും. അതുകൊണ്ട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാം എന്ന് വിനോദ് കരുതി. എന്നാല്‍, കാലാകാലങ്ങളായി വരുത്തുന്ന ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ ഇന്ന് എക്‌സ്ട്രാ ഡ്യൂട്ടി ചെയ്യാന്‍ അവസരം ലഭിച്ചില്ല. നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലാതെ വന്നതോടെ വിനോദ് കുമാര്‍ ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
തന്റെ ഫേസ്‌ബുക്കിലും താന്‍ അംഗമായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലും വിനോദ് കുമാര്‍ തന്റെ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും യാത്രാമൊഴി കുറിച്ചു. താന്‍ ഈ ലോകത്തോട് വിടപറയുന്നു എന്ന് കുറിച്ച ശേഷം എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും വിനോദ് കുമാര്‍ ലെഫ്റ്റായി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബസിനുള്ളില്‍ അവശനിലയിലായ വിനോദ് കുമാറിനെ കണ്ടെത്തിയത്.
Post Your Comments