തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
തന്റെ വിശ്വാസവും ജീവിത പശ്ചാത്തലവും ഫാത്തിമ ലത്തീഫിന് മരണത്തിലേക്കുള്ള പാത തുറന്നുകൊടുക്കുന്പോള് തകര്‍ന്നു വീഴുന്നത് ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണ്. അല്പനിമിഷം മുന്‍പാണ് ഞാന്‍ ഫാത്തിമയുടെ പിതാവ് ലത്തീഫുമായി സംസാരിച്ചത്. ആ പാവം മനുഷ്യന്റെ ഹൃദയം നുറുങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഫാത്തിമ. അതുകൊണ്ടാണ് ചെന്നൈ ഐഐടി പ്രവേശന പരീക്ഷയില്‍ റാങ്ക് നേടിയതും അവിടെ പ്രവേശനം ലഭിച്ചതും.
എന്നാല്‍ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആ മിടുക്കിയെ ജീവിക്കാന്‍ അനുവദിച്ചില്ല. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായേ തീരൂ. ഈ ആവശ്യം ഉന്നയിച്ചു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കു കത്ത് നല്കി.
Post Your Comments