കാലിഫോര്‍ണിയ: പാമ്പിന്റെ ദേഹത്തെ ശല്‍ക്കങ്ങളെല്ലാം പൊളിഞ്ഞ് തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞ് ഉണങ്ങി ഊര്‍ന്നിറങ്ങിയ പോലെ… അപൂര്‍വ്വരോഗവുമായി പാമ്പുകള്‍. പാമ്പുകളിലെ ഫംഗസ് ബാധയാണ് കാരണം. അവശനിലയില്‍ കണ്ടെത്തിയ കിങ്‌സ്‌നേക്കിനെ പ്രദേശത്തെ ഒരാള്‍ ആശുപത്രിയിലെത്തിച്ചു. പാമ്പിന്റെ തലയുടെ ഭാഗം വീര്‍ത്തിരിക്കുകയായിരുന്നു. കണ്ണുകള്‍ക്കു ചുറ്റിലും പാട കെട്ടിയതു പോലെയും. അതിനാല്‍ത്തന്നെ കണ്ണു കാണാതെ, ഇര തേടാനാകാതെ വഴിയരികില്‍ കിടക്കുമ്പോഴാണു രക്ഷപ്പെടുത്തിയത്. പക്ഷേ ആശുപത്രിയിലെത്തിച്ചെങ്കിലും പാമ്പിനെ രക്ഷിക്കാനായില്ല. ‘മമ്മിഫിക്കേഷന്’ വിധേയമാക്കിയ പാമ്പിനെപ്പോലെയാണ് ഇത് കാണപ്പെട്ടതെന്ന് കാലിഫോര്‍ണിയ ഡിപാര്‍ട്‌മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ വഴിയും മറ്റു പാമ്പുകളുമായി പോരടിക്കുമ്പോഴുമൊക്കെയാണ് ഈ രോഗം പകരുന്നത്.
രോഗം രൂക്ഷമായാല്‍ പാമ്പുകളുടെ പടം പൊടിയാനും ആരംഭിക്കും. ഇരപിടിക്കാനാകാതെ തളര്‍ന്നു കിടക്കുന്ന പാമ്പുകളെ പരുന്തുകളെപ്പോലുള്ള പക്ഷികളും മറ്റും എളുപ്പം ഇരയാക്കും. പാമ്പുകളുടെ എണ്ണം കുറയ്ക്കാന്‍ വരെ കഴിവുള്ള രോഗമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നതും ആശങ്കയ്ക്കിടയാക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ജാഗ്രതയിലാണ്. 2008ലാണ് ഈ ഫംഗസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. Ophidiomyces ophiodiicola എന്നു പേരുള്ള ഫംഗസാണ് രോഗം പരത്തുന്നത്. യുഎസിലെയും യൂറോപ്പിലെയും 30 ഇനം പാമ്പുകളിലും ഈ ഫംഗസിനെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ 23 സ്റ്റേറ്റിലും കാനഡയിലെ ഒരു പ്രവിശ്യയിലും ഇതിന്റെ സാന്നിധ്യമുണ്ട്. അതേസമയം മനുഷ്യരിലേക്ക് ഫംഗസ് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
Post Your Comments