നെടുമ്പാശേരി: ഡിവോഴ്‌സ് മാട്രിമോണിയല്‍ സൈറ്റിലൂടെ സ്ത്രികളെ വലയിലാക്കി, പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത വിവാഹത്തട്ടിപ്പുവീരൻ ഒടുവിൽ പിടിയിൽ. ഇടുക്കി തടിയാമ്പാട് തേങ്ങാപുരയ്ക്കല്‍ എര്‍വിന്‍ ടി. ജോയിയാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നു നെടുമ്പാശേരി പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. കലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പല യുവതികളെയും ഇതേ രീതിയില്‍ കുടുക്കിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതിച്ചു.
ഡോക്ടറടക്കം ഒമ്പതു സ്ത്രികളെ കെണിയില്‍ പെടുത്തി ഇയാൾ വഞ്ചിച്ചുവെന്നു കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എര്‍വിന്‍, വിവാഹമോചിതര്‍ക്കു വേണ്ടിയുള്ള മാട്രിമോണിയലില്‍ പല പേരിലായി വ്യാജ പ്രൊഫൈൽ രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ പരിയചപ്പെടുന്നവരെ ലൈംഗികമായി ഉപയോഗിക്കുകയും, പണവും സ്വര്‍ണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതായിരുന്നു രീതി. മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹാഭ്യർത്ഥനയുമായി വരുന്ന സ്ത്രീകളോട് ഫേസ്ബുക്കിലും വാട്സ്ആപ്പിലും വരാന്‍ ആവശ്യപ്പെടും. ശേഷം വിവാഹം നടത്താന്‍ ഒരുക്കമാണെന്നും ചില അടുത്ത ബന്ധുക്കള്‍ ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ സാവകാശം വേണമെന്നും പറയും. തുടർന്ന് തനിക്ക് അവകാശമായി കോടികളുടെ ഓഹരിയുണ്ടെന്നും ഇത് രജിസ്റ്റര്‍ ചെയ്തെടുക്കാന്‍ അല്‍പം സാമ്പത്തികം ആവശ്യമുണ്ടെന്നും പറഞ്ഞാണ് യുവതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നത്. പണത്തിനു പകരം സ്വര്‍ണാഭരണങ്ങളാണ് ചിലർ നല്‍കിയത്. ഇതെല്ലാം ഇയാള്‍ വിറ്റു. ഉദ്ദേശം നടന്നു കഴിയുമ്പോൾ മൊബൈല്‍ഫോണും ഫേസ്ബുക്ക് അക്കൗണ്ടും മാറ്റും. പിന്നീട് പുതിയ ഇരയെ കെണിയിലാക്കാനുള്ള ശ്രമങ്ങളാണ് പ്രതി നടത്തിയിരുന്നത്.
ഏറെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് ഇരകളായത്. ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് നാല് സ്ത്രീകള്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് ഇയാള്‍ക്കെതിരേ രേഖമൂലം പരാതി നല്‍കാന്‍ തയ്യാറായത്. ബാക്കിയുള്ളവരെ സാക്ഷിപ്പട്ടികയിലെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം തട്ടിപ്പുകാര്‍ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡിവോഴ്സ് മാട്രിമോണിയല്‍ സൈറ്റുകള്‍ നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments