Latest NewsIndiaInternational

ഫേസ്‌ബുക്ക് വിൽക്കേണ്ട വിഷമഘട്ടം ഉണ്ടായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു , പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി വെളിപ്പെടുത്തൽ

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ സിലിക്കൺ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിക്കവേയാണ് ഈ വിവരം സക്കർ ബർഗ് വെളിപ്പെടുത്തിയത്.

ന്യൂഡൽഹി : ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോൾ സക്കർബർഗ് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുവെന്നും ഒരു ദിവസം ഇവിടെ കഴിച്ചു കൂട്ടിയെന്നും വെളിപ്പെടുത്തൽ. ഒടുവിൽ ആ കഥ മോദിയോട് ഫേസ്ബുക്ക് മേധാവി വെളിപ്പെടുത്തി. നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ സിലിക്കൺ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദർശിക്കവേയാണ് ഈ വിവരം സക്കർ ബർഗ് വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിൽ ഇന്ത്യക്ക് ഏറെ പ്രാധാന്യമുണ്ട്, ഇത് ഞാൻ ഇതുവരെ പരസ്യമായി പറയാത്ത ഒരു കഥയാണ് കുറച്ചു പേർക്കേ ഇതറിയാവൂ…ഞങ്ങളുടെ കമ്പനി കുറെ മുൻപ് ഒരു ആപത് ഘട്ടത്തിലൂടെ കടന്നു പോയി, ഫേസ്ബുക്ക് വിൽക്കാൻ വരെ തീരുമാനിച്ചു.ആ അവസരത്തിലാണ് എന്താണ് പോംവഴിയെന്ന് ചോദിച്ചു ഗുരുവായ സ്റ്റീവ് ജോബ്സിനെ കണ്ടത്, പ്രതിസന്ധി പരിഹരിക്കുവാൻ അദ്ദേഹം ഉപദേശിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലെ ദർശനമായിരുന്നു.

സക്കർബർഗ് ഡൽഹിയിൽ നിന്നും ഒരു സ്വകാര്യ ജെറ്റിൽ നൈനിറ്റാളിനും 65 കിലോമീറ്റർ അകലെയുള്ള പാന്ത്നഗർ വിമാനത്താവളത്തിലിറങ്ങി ഒടുവിൽ കൈഞ്ചി ആശ്രമത്തിലെത്തി. അവിടത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ ആരതിയിൽ പങ്കുചേർന്നു, പിന്നെ കുറേ സമയം അദ്ദേഹം അവിടെ ധ്യാനിച്ചു, ഒരു ദിവസം അവിടെ തങ്ങിയ സക്കർബർഗ് ഫേസ്ബുക്കിനെ കുറിച്ചുള്ള പുതിയ ഒരു ഉൾക്കാഴ്ചയോടെ ഇന്ത്യ വിട്ടു. ഇതിനെത്തുടർന്ന് ഫേസ്‌ബുക്കിന്റെ പ്രതിസന്ധികൾ മാറാനുള്ള വഴി അദ്ദേഹത്തിന് തുറന്നു കിട്ടിയതായും അദ്ദേഹം പറഞ്ഞു.

സക്കർ ബർഗ് പോയ ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെയാണ്, കുമയോൺ പ്രവിശ്യയിലെ ഗർഗാചൽ മലനിരകളിലാണ് കൈഞ്ചിധാം. നൂറു വർഷങ്ങൾക്കു മുൻപ് ഇവിടെ പ്രേമി ബാബ, സോംബാരി ബാബ എന്നീ ദിവ്യ സന്യാസികൾ താമസിച്ചിരുന്നു. ദിവ്യനായിരുന്ന സോംബാരിബാബ സമാധിയായ ശേഷം ഇവിടെ എത്തിച്ചേർന്ന നീം കരോലി ബാബയാണ് ഹനുമാൻ ക്ഷേത്രം സ്ഥാപിക്കുന്നത്.പ്രേമി ബാബ, സോംബാരി ബാബയും സ്ഥിരമായി യാഗങ്ങൾ നടത്തിയിരുന്നിടത്താണ് കരോലി ബാബ ക്ഷേത്ര നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്.

എന്നാൽ ഇവിടെ ക്ഷേത്രത്തിനായുള്ള അടിത്തറ കെട്ടിയപ്പോൾ മൃതസഞ്ജീവിനി മല ചുമന്നു കൊണ്ടു പോകുന്ന സവിശേഷ അവതാരരൂപത്തിൽ ഹനുമാൻ പ്രത്യക്ഷപ്പെട്ടു കുടിയിരിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.ഡൽഹിയിൽ ആനന്ദ്ഹാർ ബസ് സ്റ്റാന്റിൽ നിന്നും അൽമോറ അല്ലെങ്കിൽ റാണിഘോട്ട് ബസിൽ കയറി 270 കിലോമീറ്റർ സഞ്ചരിച്ചാൽ ഉത്തരാഘട്ടിലെ പ്രധാന നഗരമായ ഹാൽദ്വാനിയിലെത്തും. ഇവിടെ നിന്നും കൈഞ്ചി ധാമിൽ എത്തിച്ചേരാം.

ഹാൽദ്വാനിയിൽ നിന്ന് അൽമോറയിലേക്ക് പോകുന്ന നാഷണൽ ഹൈവേ 87 ന്റെ വശത്താണ് കൈഞ്ചി ധാം.ഹാൽദ്വാനിയിൽ നിന്നും 44 കിലോമീറ്ററും നൈനിറ്റാളിൽ നിന്നും 18 കിലോമീറ്ററും ദൂരത്തിലാണ് ഈ ക്ഷേത്രം.നീം കരോലി ബാബ ഉത്തർപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ ചെറുപ്പത്തിലേ കുടുംബം വിട്ടിറങ്ങിയ ബാബ നീബ് കരോരിയെന്ന സ്ഥലത്തെത്തി ഒരു ഗുഹയിൽ ധ്യാനനിമഗ്നനായി.

അദ്ദേഹത്തെ വന്ദിക്കാനെത്തിയവർക്ക് ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നു ചേർന്നു.പറഞ്ഞാൽ തീരാത്ത അദ്ഭുതപ്രവർത്തനങ്ങളിലൂടെയാണ് ബാബ ജനലക്ഷങ്ങളുടെ മനസിൽ ഇടം പിടിച്ചത്. ‘നിനക്ക് എന്തൊക്കെ കുറ്റവും കുറവും ഉണ്ടെങ്കിലും ഞാൻ നിന്നെ സ്‌നേഹിക്കുന്നു, എന്നേന്നേയ്ക്കുമായി ‘ ഇതാണ് ബാബ ഭക്തർക്കു നൽകുന്ന സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button