തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വനിതാ പോലിസ് കോണ്‍സ്റ്റബിള്‍ മര്‍ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി. ജയ്ഹിന്ദ് ടിവി ക്യാമറമാനെയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചത്. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ചരമവഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. വാഹനം റോഡരികില്‍ നിര്‍ത്തി ക്യാമറ പുറത്തെടുക്കുന്നതിനിടെയാണ് വനിതാ കോണ്‍സ്റ്റബിള്‍ സ്ഥലത്തെത്തിയത്. വാഹനം ഇവിടെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് പ്രകോപനമൊന്നുമില്ലാതെ ക്യാമറാന്‍ ബിബിന്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥ ‘ആരെയും ഭയമില്ലെന്നും നീ എടുക്കെടാ’ എന്ന് ആക്രോശിക്കുകയും ചെയ്തതായി ബിബിന്‍ പറയുന്നു. തുടര്‍ന്ന് മറ്റ് പോലീസുകാര്‍ സ്ഥലത്തെത്തി ഇവരെ ഇവിടെനിന്ന് മാറ്റുകയായിരുന്നു.
വനിതാ കോണ്‍സ്റ്റബിളിന് മാനസിക സമ്മര്‍ദങ്ങളുള്ളതിനാലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്നാണ് മറ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭാ നടപടിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
മാധ്യമപ്രവര്‍ത്തകര്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ പണിയെടുക്കുന്നവരാണ് അവര്‍ക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റേതാണ്. അതിന് നേതൃത്വം നല്‍കേണ്ട പൊലീസ് തന്നെ ആക്രമിക്കുന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യം സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് പത്രപ്രവര്‍ത്തക യൂണിയന്റെ തീരുമാനം.
Post Your Comments