തിരുവനന്തപുരം : കരമന കൂടത്തിൽ കേസ് പുതിയ വഴിത്തിരിവിലേക്ക്. കരമന കാലടി ഉമാമന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻനായരുടെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മർദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം നീളുന്നു. വീടിനു പിന്നിൽനിന്നു ലഭിച്ച തടിക്കഷണത്തിലെ രക്തക്കറയാണു സംശയം ബലപ്പെടുത്തുന്നത്. ജയമാധവൻനായർ വീണു മരിച്ചെന്നാണു സ്വത്തുക്കൾ എഴുതി വാങ്ങിയ രവീന്ദ്രൻനായരുടെ മൊഴി. അബോധാവസ്ഥയിലായിരുന്ന ജയമാധവൻനായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രൻനായരുടെ മൊഴിയില്‍ പറയുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മുൻ കാര്യസ്ഥൻ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സഹദേവനാണ് ജയമാധവൻനായരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
ജയമാധവൻനായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജയമാധവൻനായർ മരണപ്പെട്ടിരുന്നു. പിന്നാലെ രവീന്ദ്രൻ നായരും ജോലിക്കാരി ലീലയും ആശുപത്രിയിൽ എത്തി. മരണം സ്ഥിരീകരിച്ച ശേഷം രവീന്ദ്രൻ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിച്ചതോടെ പോലീസുകാർ ഉടൻ തന്നെ ആശുപത്രിയിലേക്കു പോയി.ലീലയുമായി ഉമാമന്ദിരത്തിൽ എത്തിയ രവീന്ദ്രൻ ഉടൻ വീടു വൃത്തിയാക്കാൻ നിർദേശിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പോലീസ് എത്തിയപ്പോഴേക്കും തെളിവുകൾ നക്കിയിരുന്നു. ജയമാധവൻനായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു.
വീട്ടിലെ കട്ടിളപ്പടിയിൽ തലയിടിച്ചു വീണ ജയമാധവൻനായരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നാണു രവീന്ദ്രൻനായർ അന്നു മൊഴി നൽകിയത്. വീണു പരുക്കേറ്റപ്പോൾ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തിൽ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരിയായ ലീലയാണു വീടു വൃത്തിയാക്കിയത്. വൃത്തിയാക്കാൻ തടിക്കഷണത്തിന്റെ ആവശ്യവുമില്ല.
Post Your Comments