Latest NewsKeralaIndia

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്ക് കഞ്ചാവ്‌ മൊത്തവിതരണം നടത്തിയ യുവതി പിടിയിൽ

ഇവരില്‍നിന്ന്‌ പൊതുവിപണിയില്‍ ആറു ലക്ഷംരൂപ വിലവരുന്ന ആറുകിലോ കഞ്ചാവും പിടിച്ചെടുത്തു.

കുന്നംകുളം: തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്കു കഞ്ചാവ്‌ മൊത്തവിതരണം നടത്തിയ യുവതി അറസ്‌റ്റില്‍. കഞ്ചാവ്‌ റാണി (സ്‌റ്റഫ്‌ ക്വീന്‍) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുന്നംകുളം പെരുമ്പിലാവ്‌ ആല്‍ത്തറ മണിയില്‍ കുളംവീട്ടില്‍ ശ്രീദേവി(39)യാണ് അറസ്റ്റിലായത്.ഇവരില്‍നിന്ന്‌ പൊതുവിപണിയില്‍ ആറു ലക്ഷംരൂപ വിലവരുന്ന ആറുകിലോ കഞ്ചാവും പിടിച്ചെടുത്തു.

തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ പെരുമ്പിലാവില്‍ താമസിക്കുന്ന യുവതി തമിഴ്‌നാട്ടില്‍നിന്നാണ്‌ കഞ്ചാവ്‌ കൊണ്ടുവന്നത്‌. നിരവധി തവണ തമിഴ്‌നാട്ടില്‍നിന്ന്‌ യുവതി തീവണ്ടിമാര്‍ഗം കേരളത്തിലേക്ക്‌ വന്‍തോതില്‍ കഞ്ചാവ്‌ കടത്തിയിരുന്നു. കുന്നംകുളം മേഖലയില്‍ കഞ്ചാവ്‌ ഉപയോഗം വ്യാപകമായ സാഹചര്യത്തില്‍ കഴിഞ്ഞ മാസങ്ങളില്‍ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച്‌ എ.എസ്‌.ഐ. രാഗേഷിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ്‌ യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

തൃശൂര്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ യതീഷ്‌ ചന്ദ്രയുടെ നിര്‍ദേശപ്രകാരം കുന്നംകുളം എ.സി.പി. സിനോജ്‌, സി.ഐ: കെ.ജി. സുരേഷ്‌, എസ്‌.ഐ: യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘം കുന്നംകുളം ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ കാട്‌പാടിയെന്ന സ്‌ഥലത്തുനിന്നു യുവതി കഞ്ചാവുമായി ട്രെയിന്‍ മാര്‍ഗം തൃശൂരിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടര്‍ന്നാണ്‌ കുന്നംകുളം പോലീസും ക്രൈംബ്രാഞ്ചും യുവതിക്കായി വല വിരിച്ചത്‌.

ഇന്നലെ പുലര്‍ച്ചെ 3.30ന്‌ തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതിയെ പോലീസ്‌ പിന്തുടര്‍ന്നു.തൃശൂരില്‍നിന്ന്‌ ബസ്‌മാര്‍ഗം കുന്നംകുളം സ്‌റ്റാന്‍ഡിലിറങ്ങിയ യുവതിയെ കഞ്ചാവ്‌ സഹിതം തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച്‌ എ.എസ്‌.ഐ. രാഗേഷ്‌, കുന്നംകുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ മെല്‍വിന്‍, നിപു നെപ്പോളിയന്‍, ഷിബിന്‍, ഗീത, ജാന്‍സി എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.
രണ്ടു കിലോ വീതം മൂന്നു പ്ലാസ്‌റ്റിക്‌ കവറുകളിലാക്കി സെല്ലോടേപ്പ്‌ ഉപയോഗിച്ച്‌ ഭദ്രമായി ചുറ്റിയശേഷം വലിയ ബാഗില്‍ നിറച്ചാണ്‌ കഞ്ചാവ്‌ കൊണ്ടുവന്നിരുന്നത്‌.

ട്രെയിനുകളില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ ബാഗുകള്‍ പരിശോധന കുറവായതുകൊണ്ടാണ്‌ ട്രെയിന്‍മാര്‍ഗം കഞ്ചാവ്‌ കൊണ്ടുവരാന്‍ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു.തമിഴ്‌നാട്ടില്‍നിന്നു കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങുന്ന കഞ്ചാവ്‌ കേരളത്തില്‍ വന്‍ തുകയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഒരുതവണ കഞ്ചാവ്‌ കൊണ്ടുവന്നു വില്‍ക്കുമ്പോള്‍ ആയിരങ്ങളാണുലാഭമായി ലഭിക്കുന്നത്‌. അധികം കായികാധ്വാനമില്ലാതെ പണം സമ്പാദിക്കാമെന്ന ലക്ഷ്യത്തോടെയാണു യുവതി കഞ്ചാവു കടത്തിയതെന്നും പോലീസ്‌ പറഞ്ഞു.

കഞ്ചാവ്‌ ചെറിയ പൊതികളിലാക്കിയും ചില ഏജന്റുമാര്‍ മുഖേനയുമാണു വില്‍പന നടത്തിയിരുന്നത്‌. മൂന്നു വര്‍ഷം തുടര്‍ച്ചയായി യുവതി തമിഴ്‌നാട്ടില്‍നിന്നു കഞ്ചാവ്‌ കേരളത്തിലേക്കു കടത്തിയിരുന്നതായി എസ്‌.ഐ: കെ.ജി. സുരേഷ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button