മഞ്ചേരി: 22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുവാരക്കുണ്ട് മാമ്പറ്റ തരിശ് സ്വദേശികളായ പടിപ്പുര ഫാസിൽ (32), കുറുക്കൻ വീട്ടിൽ റഷാദ് (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി എം.പി. ജയരാജ് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവും അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2022 ഫെബ്രുവരി 16-ന് രാത്രി 10.35-ന് മലപ്പുറം-പെരിന്തൽമണ്ണ റോഡിൽ കടുങ്ങൂത്ത് നിന്ന് മലപ്പുറം പൊലീസ് എസ്.ഐ അമീറലിയാണ് ഇരുവരെയും പിടികൂടിയത്. കേസന്വേഷണത്തിനിടെ അറസ്റ്റ് ചെയ്ത മൂന്നാം പ്രതി ചെർപ്പുളശ്ശേരി കുറ്റാനശ്ശേരി കാരയിൽ സുമോദിനെ (30) കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
12 സാക്ഷികളെ വിസ്തരിച്ചു. ലൈസണ്‍ വിങ്ങിലെ എ.എസ്.ഐ സുരേഷ്ബാബു പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
Post Your Comments