മുംബൈ: മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി ഒമ്പതിനു തീരാനിരിക്കെ, സര്‍ക്കാര്‍ രൂപീകരണം അനിശ്‌ചിതത്വത്തില്‍ തുടരുന്നു. മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയാറല്ലെന്നു ബി.ജെ.പി. വ്യക്‌തമാക്കി.അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകുമെന്നു മുതിര്‍ന്ന നേതാവ് സഞ്‌ജയ് റാവുത്ത് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചാഞ്ചാട്ടം തുടങ്ങിയെന്നാണു സൂചന.
പ്രശ്‌നപരിഹാരത്തിനു നിതിന്‍ ഗഡ്‌കരിയെ ഇടപെടുവിക്കണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവതിനോടു ശിവസേനാ നേതാവ് കിഷോര്‍ തിവാരി അഭ്യര്‍ഥിച്ചത് ഇതിനു തെളിവാണ്.അതിനിടെ, ശിവസേനയുടെ ഇരുപത്തഞ്ചോളം എം.എല്‍.എമാര്‍ മനസുകൊണ്ടു ബി.ജെ.പിക്കൊപ്പമാണെന്നു സ്വതന്ത്രനായി വിജയിച്ച രവി റാണ പറഞ്ഞു. അവര്‍ ബി.ജെ.പി. മന്ത്രിസഭയില്‍ ചേരാനും തയാറാണ്. ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കു പിന്തുണച്ചില്ലെങ്കില്‍ ശിവസേന പിളരുമെന്ന അഭ്യൂഹം ഇതോടെ ശക്‌തമായി.
ബി.ജെ.പി-ശിവസേന സഖ്യത്തിനാണു ജനം ഭൂരിപക്ഷം നല്‍കിയതെന്നു രവി റാണ ചൂണ്ടിക്കാട്ടി. തനിച്ചായിരുന്നെങ്കില്‍ 25 സീറ്റ് പോലും ജയിക്കില്ലായിരുന്ന ശിവസേനയെ 56 സീറ്റിലെത്തിച്ചതു ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ്. ഒരേ കാര്യം തത്ത പറയുന്നതുപോലെ ആവര്‍ത്തിക്കുന്ന സഞ്‌ജയ് റാവുത്തിനു പകരം പാര്‍ട്ടിയധ്യക്ഷന്‍ ഉദ്ധവ് താക്കറെ നേരിട്ട് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി സംസാരിക്കുകയാണു വേണ്ടതെന്നും റാണ പറഞ്ഞു.മുഖ്യമന്ത്രിപദം സ്വപ്‌നം കാണേണ്ടെന്നും ഉപമുഖ്യമന്ത്രിപദവും ധനകാര്യം, റവന്യു വകുപ്പുകളും നല്‍കാന്‍ തയാറാണെന്നും ബി.ജെ.പി. നേതൃത്വം ശിവസേനയെ അറിയിച്ചു.
ആഭ്യന്തരം, നഗരവികസനം വകുപ്പുകള്‍ വിട്ടുകൊടുക്കാനും തയാറല്ല. ശിവസേന വഴങ്ങിയില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണത്തിനോ പുതിയ തെരഞ്ഞെടുപ്പിനോ പോലും മടിക്കില്ലെന്നും ബി.ജെ.പി. വ്യക്‌തമാക്കിയിട്ടുണ്ട്. ശിവസേനാ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കുക എന്ന ആശയവുമായി എന്‍.സി.പി. നേതാവ് ശരദ് പവാര്‍ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം ആശാവഹമായിരുന്നില്ല.
തീവ്രഹിന്ദു പ്രതിഛായയുള്ള ശിവസേനയുമായുള്ള ബന്ധം പരമ്പരാഗത വോട്ട്‌ബാങ്ക് തകര്‍ക്കുമെന്ന ആശങ്കയാണു കാരണം. ബദല്‍ സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷ നശിക്കുന്നതോടെ ശിവസേന വഴങ്ങുമെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍.
Post Your Comments