തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയതോടെ സിബിഐ സമ്മർദ്ദത്തിൽ. കേസില്‍ നിന്ന് കൂറുമാറിയ ഇരുവരും അഭയ മരിക്കുന്ന ദിവസം പയസ് ടെന്‍ത് കോണ്‍വെന്റില്‍ ഉണ്ടായിരുന്നു. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് ഇവര്‍ നേരത്തെ സി.ബി.ഐക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ മൊഴിമാറ്റി പറയുകയാണ് ഉണ്ടായത്. അഭയയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് കണ്ടില്ലെന്നും സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് ഇരുവരും കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നവരാണ് ഇവര്‍ രണ്ടു പേരും.
കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍വെന്റിലെ അടുക്കള ജീവനക്കാരിയായിരുന്ന ത്രേസ്യാമ്മയും കന്യാസ്ത്രീ ഇലിസിറ്റയുമാണ് കൂറുമാറിയത്. ഇതിനോടകം നിരവധി സാക്ഷികളാണ് കൂറുമാറിയത്. ഇതോടെ സിബിഐയും സമ്മര്‍ദ്ദത്തിലാണ്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. 1992 മാര്‍ച്ച് 27-ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരച്ച നിലയിലാണ് സിസ്റ്റര്‍ അഭയയെ കണ്ടെത്തിയത്. 1993-ല്‍ കേസ് ഏറ്റെടുത്ത സിബിഐ 2009ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടന്നത്.
Post Your Comments