പത്തനംതിട്ട: ഏറെ പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറുന്നു. ഇനി മുതല്‍ അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെടുക ഗോപാല കഷായം എന്നായിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മുന്‍കാലങ്ങളില്‍ ആചാരപരമായി അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത് ഗോപാലകഷായം എന്ന പേരിലായിരുന്നു. ഈ സാഹചര്യത്തില്‍ ഗോപാലകഷായം എന്ന ലേബല്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനി അമ്പലപ്പുഴ പാല്‍പ്പായസം നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പേര് മറ്റാരും ഉപയോഗിക്കരുതെന്നും വ്യവസ്ഥ ചെയ്യുമെന്ന് എ പദ്മകുമാര്‍ അറിയിച്ചു.
അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പലയിടങ്ങളിലും പായസം കടകളിലൂടെ വില്‍പ്പന നടത്തുന്നതായി കഴിഞ്ഞയിടയ്ക്ക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില ബേക്കറികള്‍ക്കു പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാല്‍പ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച് പായസം വില്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Post Your Comments