
ന്യൂഡൽഹി: ഇത്തിഹാദുൽ മുസ്‌ലിമീനെയും അവാമി ആക്‌ഷൻ കമ്മിറ്റിയേയും നിരോധിച്ച് കേന്ദ്രസർക്കാർ. യുഎപിഎ ചുമത്തിയാണ് ഇരു സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി, വിഘടനവാദം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് നിരോധനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, രാജ്യ വിരുദ്ധ പ്രചാരണം നടത്തുക, കശ്മീരിലെ വിഘടനവാദ സംഘടനകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇത്തിഹാദുൽ മുസ്‌ലിമീനെതിരെ കണ്ടെത്തിയിരിക്കുന്നത്. അതേപോലെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക, വിഘടനവാദത്തെ പിന്തുണയ്ക്കുക, ഭരണഘടനയോട് അനാദരവ് കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവാമി ആക്‌ഷൻ കമ്മിറ്റിക്ക് മേലുള്ളത്.
സംഘടനയുടെ പ്രവർത്തകർക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയിൽ ഈ സംഘടനകൾ ഏർപ്പെട്ടിട്ടുണ്ടെന്ന് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ പറയുന്നു.
Post Your Comments