തൊടുപുഴ: കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ. കരിങ്കുന്നം ഗവ. എൽപി സ്കൂളിലാണ് സംഭവം. സ്കൂളിലെ താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എ.അപ്പുണ്ണി ഉത്തരവിലൂടെ പുറത്താക്കുകയായിരുന്നു. അമൃത പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടിയെത്തി. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഇന്നലെ സസ്പെൻഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു.
ഉത്തരവ് വാങ്ങിയ അമൃത പുറത്തിറങ്ങിയതോടെ ചില അധ്യാപികമാർ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങൾ സ്കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് അമൃത പുറത്തേക്ക് ഓടിയപ്പോൾ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി. ഒരിക്കൽ പോലും ടീച്ചർ തല്ലിയിട്ടില്ലെന്നു കുട്ടികൾ മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞു. ഇതോടെ ചില പിടിഎ അംഗങ്ങൾ മാധ്യമപ്രവർത്തകരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഇടത് അധ്യാപക സംഘടനയിലെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മനഃപൂർവം പരാതികൾ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്നും സീനിയർ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് ഇത്തരമൊരു നടപടിയെന്നും അമൃത പറയുകയുണ്ടായി.
Post Your Comments