KeralaLatest NewsNews

നൂറു രൂപ പോലും മകള്‍ക്ക് ശമ്പളമായി നല്‍കിയില്ല : അധ്യാപിക ജീവനൊടുക്കിയ വിഷയത്തിൽ മാനേജ്‌മെന്റിനെതിരെ കുടുംബം

ജോലിക്കായി ആറുവര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു

താമരശ്ശേരി : കോഴിക്കോട് കട്ടിപ്പാറയില്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വാദങ്ങള്‍ തള്ളി കുടുംബം. സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാനേജ്‌മെന്റ് ശരിയായ നടപടി സ്വീകരിച്ചാല്‍ മാത്രമേ സര്‍ക്കാരിന് സ്ഥിര നിയമനം നല്‍കാനാകൂവെന്നും അലീന ബെന്നിയുടെ പിതാവ് ബെന്നി പറഞ്ഞു.

അലീന മരിച്ചതിന് ശേഷം മാനേജ്‌മെന്റ് പ്രതിനിധികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. നൂറു രൂപ പോലും ഇതു വരെ മകള്‍ക്ക് ശമ്പളമായി നല്‍കിയില്ലെന്നും തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നി വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് അലീന ജോലി ചെയ്യുന്നത്. താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള സ്‌കൂളാണ് കോടഞ്ചേരി സെന്റ് ജോസഫ്. ജോലിക്കായി ആറുവര്‍ഷം മുമ്പ് 13 ലക്ഷം രൂപ നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു.

അഞ്ച് വര്‍ഷമായിട്ടും ജോലി സ്ഥിരപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായില്ല. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചു. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button