പാലക്കാട് : സർക്കാർ മെഡിക്കൽ കോളേജിൽ, കോളേജ് ഡെയ് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണങ്ങൾ തള്ളി സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. തനിക്കെതിരായ എല്ലാ ആരോപണങ്ങൾ നിഷേദിക്കുന്നതായും,താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം മലയാളം വാർത്ത ചാനലിനോട് പറഞ്ഞു.
തന്നോട് ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ തയ്യാറല്ലെന്നു പറഞ്ഞതായി കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതുമാണ്. ജാതിയോ മതമോ പറഞ്ഞ് ആർക്കും ആരെയും അപമാനിക്കാൻ ഇവിടെ അധികാരമില്ല. ഇതിനകത്തൊരു പരിഹാരത്തിനാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണ്. ഇതിപ്പോൾ ഓൺലൈനിലെ ട്രെന്റാണ്. എനിക്ക് വന്ന തെറികൾക്ക് ഒരു കണക്കുമില്ല. ജനങ്ങൾക്ക് നല്ല ഇഷ്ടമുള്ള ആളാണ് ബിനീഷ്. ഫെഫ്ക പ്രകിനിധികൾ വിളിച്ചു. അവരോട് സംസാരിച്ച് കൃത്യമായി മറുപടി നൽകി. അവർ ഒരു ലെറ്റർ അയക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതിന് ഞാൻ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ചുള്ള അനിൽ രാധാകൃഷ്‌ണൻ മേനോന്റെ വിശദീകരണം
കോളേജ് മാഗസിൻ പ്രകാശനം ചെയ്യാൻ വരണം എന്ന് പറഞ്ഞ് മിനിഞ്ഞാന്നാണ് എന്നെ വിളിച്ചത്. അപ്പോൾ തന്നെ കംഫർട്ടബിൾ അല്ല, വരുന്നില്ലെന്ന് പറഞ്ഞു. എന്നാൽ പാലക്കാട് മെഡിക്കൽ കോളേജ് ഇന്ത്യയിൽ 80 ശതമാനം സംവരണമുള്ള രണ്ട് കോളേജുകളിൽ ഒന്നാണ് എന്ന കാരണത്താൽ പിന്നീട് തീരുമാനം മാറ്റി. അന്ന് വൈകുന്നേരം നാലരയാകുമ്പോൾ പ്രിൻസിപ്പാളിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വൽറ്റി മെമ്പർമാരും യൂണിയൻ പ്രതിനിധികളും വന്ന് ഇൻവൈറ്റ് ചെയ്യണം എങ്കിൽ വരാമെന്നു അവരോട് പറഞ്ഞു. അതുപ്രകാരം അവർ വന്നു. വേറെ ആരെയെങ്കിലും ഇൻവൈറ്റ് ചെയ്തോയെന്ന് അവരോട് ചോദിച്ചപ്പോൾ വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്നായിരുന്നു മറുപടി. പിന്നീട് സംഘാടകര്‍ എന്നെ വിളിച്ച് ആ പരിപാടി മാറ്റി വച്ചുവെന്നും എന്നോട് വരണമെന്നും പറഞ്ഞു.
അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്പോൾ ബിനീഷ് ബാസ്റ്റിൻ വരുന്ന കാര്യം പറഞ്ഞ് അവർ വിളിച്ചപ്പോൾ ഞാൻ വരുന്നില്ലെന്ന് അവർക്ക് മറുപടിയും നൽകി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് ഞാൻ കംഫർട്ടബിൾ അല്ല, ഞാനൊരിക്കലും സ്കൂളിലും കോളേജിലും പരിപാടികൾക്ക് പോകാൻ പണം വാങ്ങാറില്ല. മറ്റുള്ളവർക്ക് അത് കിട്ടുന്നത് മുടക്കാൻ സാധ്യതയുള്ളത് കൊണ്ട്, മറ്റാരെങ്കിലും ഉണ്ടെങ്കിൽ പോകാറുമില്ല അവർക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെ തീരുമാനം എടുക്കുന്നത്. എന്നെ ഇൻവൈറ്റ് ചെയ്തത് കോളേജ് ചെയർമാനല്ല. അയാളോട് ഞാൻ സംസാരിച്ചിട്ടില്ല. കോളേജിലെ ഒരു ഫാക്വൽറ്റി, സ്റ്റുഡറ്റ് എഡിറ്റർ, എഡിറ്റോറിയൽ ബോർഡിലെ രണ്ട് പേർ എന്നിവരാണ് എന്നെ ക്ഷണിച്ചത്.
ബിനീഷ് വേദിയിലേയ്ക്ക് കടന്ന് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ ആവശ്യപ്പെട്ടത്. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല ഞാന്‍. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം എഴുതി വച്ചിട്ടുണ്ടെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു.
Post Your Comments