Latest NewsIndia

ശൈശവ വിവാഹത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്കും ഈ സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല

ഗോഹട്ടി: രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരെയും ശൈശവവിവാഹനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടെന്ന് അസം സര്‍ക്കാര്‍. ഒക്ടോബര്‍ 21 ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി 1 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ നിയമനങ്ങളിൽ നിന്ന് ഒഴിച്ചു നിര്‍ത്തുന്ന തരത്തില്‍ ദി അസം സിവില്‍ സര്‍വ്വീസ്(കണ്ടക്റ്റ്) നിയമം ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുന്നതിന് മൂന്ന് നിബന്ധനകളാണ് മുന്നോട്ടു വെയ്ക്കുക:

ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല, അച്ഛന്‍ അമ്മ രണ്ട് കുട്ടികള്‍ എന്ന നിയമം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കണം, സ്ത്രീയായാലും പുരുഷനായാലും നിയമപരമായ വിവാഹപ്രായത്തിലേ വിവാഹിതരാകാവൂ. നിയമത്തില്‍ ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്: ഒരാള്‍ക്ക് ആദ്യം ഒരു കുട്ടിയും അടുത്ത പ്രസവത്തില്‍ രണ്ട് കുട്ടികളും ഉണ്ടാവുകയാണെങ്കില്‍ നിയമത്തില്‍ ഇളവ് ലഭിക്കും. നിയമം നടപ്പാക്കുന്ന ജനുവരി 2021 നു മുമ്പ് രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കിലും നിയമം ബാധകമാവില്ല. അതേസമയം ആ സമയത്തിനു ശേഷം കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാവില്ല.

ഈ നിബന്ധനകള്‍ പാലിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതി നല്‍കുകയും വേണം. തെറ്റായ വിവരം നല്‍കുന്നവരെ സര്‍വീസില്‍ നിന്ന് പുറത്താക്കും. ദി അസം സര്‍വീസസ്(അപ്ലിക്കേഷന്‍ ഓഫ് സ്മാള്‍ ഫാമിലി നോംസ് ഇന്‍ ഡയറക്റ്റ് റിക്രൂട്ട്‌മെന്റ്) റൂള്‍സ്, 2019 എന്നാണ് പുതിയ നിയമം അറിയപ്പെടുക. കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കുന്നതിനെ കുറിച്ചാലോചിക്കുന്ന ആദ്യ സംസ്ഥാനമല്ല അസം. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി 12 സംസ്ഥാനങ്ങള്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിനെ കുറിച്ച്‌ 2017 മുതല്‍ ആലോചിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button