വാഷിംഗ്ടണ്‍ ഡിസി: ഐ എസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ പിന്‍ഗാമിയാവുമെന്നു കരുതപ്പെട്ടിരുന്ന ഐഎസ് നേതാവിനെയും അമേരിക്കന്‍ സൈന്യം വധിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐഎസ് വക്താവ് അബു ഹസന് മുജാഹിറാണു കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞദിവസം തന്നെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇയാളെ ഔദ്യോഗികമായി പിന്‍ഗാമിയായി നിശ്ചയിച്ചിരുന്നില്ല. ഒരു എണ്ണ ട്രക്കില്‍ ഒളിപ്പിച്ച് വടക്കന്‍ സിറിയയിലേക്ക് എത്തിക്കുന്നതിനിടെ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് മുജാഹിര്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. അതേസമയം കൊല്ലപ്പെട്ടതാരാണെന്നു ട്രംപ് വ്യക്തമാക്കിയില്ല.
ഞായറാഴ്ച എയ്ന് അല്‍ ബലാറ്റ് ഗ്രാമത്തില്‍ നടന്ന ആക്രമത്തിലാണ് മുജാഹിര്് കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു. മുജാഹിറിനെതിരേ നടന്ന ആക്രമണത്തില്‍ എസ്ഡി എഫ് നിര്‍ണായക പങ്കു വഹിച്ചെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ഒരുദ്യോഗസ്ഥന് വ്യക്തമാക്കി. അമേരിക്കന്‍ സൈന്യവുമായി ചേര്‍ന്നു തങ്ങള്‍ നടത്തിയ സംയുക്ത ആക്രമണത്തിലാണ് മുജാഹിര്‍ കൊല്ലപ്പെട്ടതെന്ന് എസ്ഡിഎഫ് കമാന്‍ഡര്‍ ജനറല്‍ മസ്ലും കോബനി അബ്ദി തിങ്കളാഴ്ച പറഞ്ഞിരുന്നു.
തുര്‍ക്കി സൈന്യത്തിന് ആക്രമണത്തിന് അവസരം നല്കി യുഎസ് സൈന്യത്തെ സിറിയയില്‍നിന്ന് ട്രംപ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് കുര്‍ദുകള്‍ക്കു പ്രാമുഖ്യമുള്ള എസ്ഡിഎഫ് യുഎസുമായി നീരസത്തിലായിരുന്നു. ഇതേസമയം അല്‍ മുജാഹിര്‍ എന്നതു യഥാര്‍ഥ പേരല്ലെന്നും 2016ല്‍ കൊല്ലപ്പെട്ട ഐഎസ് വക്താവിന്റെ പേര് സ്വീകരിച്ച ഇയാളുടെ യഥാര്‍ഥ പേര് ഇനിയും മനസിലാക്കാനായിട്ടില്ലെന്നും എപി റിപ്പോര്‍ട്ടു ചെയ്തു.
Post Your Comments