പാലക്കാട് : അട്ടപ്പാടി മേലെ മഞ്ജിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനെയും പോലീസ് സേനയെയും വിമർശിച്ച് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് ഇടതുപക്ഷനയമല്ല. ഇടതുപക്ഷത്തിന്റെ നിലപാടുകളും നയങ്ങളും അറിയാത്തവരാണ് പോലീസ് സേനയിലെ ഒരു വിഭാഗമെന്നും, മാവോയിസ്റ്റുകൾ എന്നാൽ വെടിവെച്ചു കൊല്ലേണ്ടവർ എന്നല്ല മനസിലാക്കേണ്ടതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
പുസ്തകത്തിലുള്ളത് നടപ്പിലാക്കുക എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഇത്തരം ഏറ്റുമുട്ടലുകൾ ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. തണ്ടർ ബോൾട്ടിന്റെ പേരിൽ കോടികൾ ചെലവാക്കുന്നത് ന്യായീകരിക്കാൻ ഉള്ള ഏറ്റുമുട്ടലുകൾ ആണ് നടക്കുന്നത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും,വലിയ സേനയെ രണ്ടോ മൂന്നോ മാവോയിസ്റ്റുകൾ ചേർന്ന് ആക്രമിച്ചു എന്ന് പറയുന്ന യക്ഷി കഥ വിശ്വസിക്കാൻ ആരും ഉണ്ടാവില്ലെ ന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പാലക്കാട് അട്ടപ്പാടിയില്‍ ഇന്ന് നടന്നത് മാവോയിസ്റ്റ് വേട്ടയാണോ, ഏറ്റുമുട്ടലാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. മാവോയിസ്റ്റ് വധം സിപിഐ(എം) അജണ്ടയിലില്ല. സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം മാത്രം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റുകളുമായി വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. പാലക്കാട് മേലെ മഞ്ജിക്കണ്ടി കാടിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ വനത്തിനുള്ളിലേക്ക് ചിതറിയോടിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. തണ്ടർ ബോൾട്ട് സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മേഖലയിൽനിന്ന് തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിൽ സ്ത്രീയുൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
Post Your Comments