തിരുവനന്തപുരം: ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തി. ബിര്‍മിംഗ്ഹാം സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് ഡീന്‍ പ്രൊഫസര്‍ ലൂയിസ് ടോണര്‍, സോഷ്യല്‍ സൈക്കോളജി വിഭാഗത്തിലെ അസോ. പ്രൊഫസറും ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ആന്റ് റിക്രൂട്ട്‌മെന്റ് ഡയറക്ടറുമായ ഡോ. പനഗിയോട്ടിസ് റെന്‍സലസ്, വെര്‍ച്ച്വല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫെലോ ഡോ. വെങ്കിടേഷ് ചെന്നം വിജയ് എന്നിവരടങ്ങുന്ന സംഘമാണ് ചര്‍ച്ച നടത്തിയത്. ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങളും സംരംഭങ്ങളും സംഘം ചര്‍ച്ച ചെയ്തു.
നഴ്‌സിംഗ്, മാനസികാരോഗ്യം, ആയുര്‍വേദം എന്നീ മേഖലകളുമായുള്ള സഹകരണത്തിന്റെ സാധ്യതകളാണ് ചര്‍ച്ച ചെയ്തത്. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രോഗ്രാം, സൈക്കോളജി സ്‌കൂളിലൂടെ അമിതവണ്ണവും ലഹരി ഉപയോഗവും നിയന്ത്രിക്കുക, ആഗ്‌മെന്റഡ് റിയാലിറ്റിയുടെ വളര്‍ച്ചയും ഗവേഷണവും എന്നിവ ചര്‍ച്ചയായി. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേരളം സാങ്കേതിക സഹായം ഉറപ്പ് നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments