കോഴിക്കോട്: വാളയാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ. വാളയാര്‍ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ ഹാജരാകാത്ത ആളുകളെയാണ് സി.ഡബ്ല്യു.സി ചെയര്‍മാനായി നിയമിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ എന്‍. രാജേഷ് ആയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ ഇയാളെ ശിശുക്ഷേമ സമിതി ചെയര്‍മാനായി നിയമിച്ചു. പ്രദീപ് കുമാറിനെയും കോടതി കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ ഉയരുന്ന ആരോപണം.സാങ്കേതിക കാരണങ്ങളുടെ പേരില്‍ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു.
വാളയാർ സംഭവത്തിനെതിരെ വളരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നത്. പെൺകുട്ടികൾ ക്രൂരമായ പീഡനത്തിന് ഇരയായെന്നു വ്യക്തമായിട്ടും പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ വളരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
Post Your Comments