തിരുവനന്തപുരം : വാളയാർ കേസിൽ പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്ന് സിബിഐയും. പോലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ അന്വേഷണത്തിലും പ്രതികൾ. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. വീടിന്റെ ഉത്തരത്തിൽ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന പോലീസ് കണ്ടെത്തൽ ബാക്കി നിർത്തിക്കൊണ്ടാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. പോലീസ് അന്വേഷണത്തെ ശരിവെച്ചുകൊണ്ടാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 2017 ജനുവരി ഏഴിനാണ് വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരാണ് പ്രതികളെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്. ബലാൽസംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
Post Your Comments