തിരുവനന്തപുരം: തിരുവനന്തപുരം കരമന കാലടി കൂടത്തില്‍ ഉമാമന്ദിരത്തില്‍ ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി നിലനില്‍ക്കേ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വില്‍പ്പത്രവും പുറത്ത് . ജയമാധവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ജയമാധവന്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന് നല്‍കിയതെന്നു കരുതപ്പെടുന്ന വില്‍പ്പത്രത്തിന്റെ പകര്‍പ്പും ആദ്യം കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടതായുള്ള രവീന്ദ്രന്റെ ആരോപണവുമാണ് ഇന്നലെ പുറത്തുവന്നത്.
ഇന്നലെ പുറത്തുവന്ന ജയമാധവന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ തന്നെ മരണകാരണം സ്ഥിരീകരിക്കാന്‍ ശാസ്ത്രീയപരിശോധന വേണ്ടിവരുമെന്നാണു നിഗമനം. പ്രാഥമിക പരിശോധനയില്‍ ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്നും ജയമാധവന്റെ ഇടത് പുരികത്തിനു മുകളില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണകാരണം എന്തെന്നു വ്യക്തമാകാനായി ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കേണ്ടതുണ്ട്.
മരണം നടന്ന് ഇത്രയും കാലമായിട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കരമന പോലീസ് വാങ്ങിയിട്ടില്ല. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയായും ആരോപിക്കപ്പെടുന്നുണ്ട്. പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങളും തിട്ടപ്പെടുത്തുന്നതിനായി റവന്യു, രജിസ്ട്രേഷന് വകുപ്പുകള്‍ക്ക് കത്തുനല്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ജയമാധവന്‍ മരിച്ചശേഷം സ്വത്തുക്കള്‍ക്കുമേല്‍ അവകാശമുന്നയിച്ചവരെക്കുറിച്ചും അവര്‍ക്കു കുടുംബവുമായുള്ള ബന്ധവും അന്വേഷിക്കുക.
ഇവരില്‍നിന്നു പിന്നീടു മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചു.സ്വത്തുക്കള്‍ കാര്യസ്ഥന് രവീന്ദ്രന് നായരുടെ പേരിലേക്കു വകമാറ്റിയതായാണ് വില്‍പ്പത്രത്തില്‍ പറയുന്നത്. 2016 ഫെബ്രുവരി 15നാണ് വില്‍പ്പത്രം തയാറാക്കിയിരിക്കുന്നത്. അവിവാഹിതനായ താന്‍ ക്ഷീണിച്ചുവരികയാണെന്നും സ്വത്തുക്കള്‍ തന്നെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രവീന്ദ്രന് നായര്‍ക്കാണെന്നും ജയമാധവന്‍ നായര്‍ തയാറാക്കിയതായി പറയപ്പെടുന്ന വില്‍പ്പത്രത്തില്‍ പറയുന്നു.വസ്തുക്കള്‍ പോക്കുവരവ് ചെയ്യുന്നതിനും ക്രയവിക്രയം നടത്തുന്നതിനും രവീന്ദ്രന് നായര്‍ക്ക് അനുമതി നല്‍കുന്നുണ്ട്.
മരണശേഷം, വില്‍പ്പത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയ വസ്തുക്കളോ ബാങ്ക് നിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അതും രവീന്ദ്രന് നായര്‍ക്കാണെന്നും വില്പത്രത്തില് പറയുന്നു. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതി നല്കിയ ബന്ധു പ്രസന്നകുമാരി, ജയമാധവന്‍ മാനസിക രോഗിയാണെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വില്‍പ്പത്രത്തെ സംബന്ധിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. വില്‍പ്പത്രം വ്യാജമായി ഉണ്ടാക്കിയതാകാമെന്ന സംശയം ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.കൂടത്തില്‍ കുടുംബത്തില്‍നിന്നു തനിക്കു ലഭിച്ച സ്വത്തില്‍ നിന്ന് ഒരു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് എസ്ഐയും വീതംചോദിച്ചതായി കാര്യസ്ഥനായിരുന്ന രവീന്ദ്രന് നായര്‍ ആരോപിച്ചു.
ആദ്യ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. ഇതുസംബന്ധിച്ച് 2018 സെപ്റ്റംബര്‍ എട്ടിന് ആദ്യ അന്വേഷണസംഘത്തിനെതിരേ രവീന്ദ്രന് നായര്‍ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പകര്‍പ്പും ഇന്നലെ പുറത്തു വന്നു.ജയമാധവന്‍ നായര്‍ തന്റെ പേരില്‍ സ്വത്തുക്കള്‍ എഴുതിവച്ചതിന് പിന്നാലെ സമീപവാസിയായ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് തന്നെ സമീപിക്കുകയും മൂന്നു സെന്റ് ഭൂമി ആവശ്യപ്പെടുകയും ചെയ്തു. താന്‍ ഇതു നല്കാന് തയാറാകാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ പരാതി പോലീസില്‍ എത്തുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ സംഘത്തിലുണ്ടായിരുന്ന എസ്ഐ അഞ്ച് സെന്റ് ഭൂമി ആവശ്യപ്പെട്ടു. ഈ ആവശ്യവും താന്‍ നിരസിച്ചു. ഇതിനു പിന്നാലെ തന്നെ കേസില്‍ കുടുക്കാന്‍ അന്വേഷണസംഘം ശ്രമം നടത്തിയെന്നാണു രവീന്ദ്രന് നായരുടെ ആരോപണം
Post Your Comments