Latest NewsNewsIndia

കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഇതെഴുതുമ്പോള്‍ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു. തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളിൽ ഈ അപകടം ഉണ്ടാകുന്നുണ്ട്. കഥയുടെ തുടക്കം എല്ലായിടത്തും ഒരുപോലെയാണ്. ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കുഴൽക്കിണറിനെ മൂടി ഉണ്ടാക്കിയോ, ചുറ്റുമതില് കെട്ടിയോ ആരും സുരക്ഷിതമാക്കിയിട്ടില്ല. അതിന് ചുറ്റും ചെറിയ കുട്ടികൾ, മിക്കവാറും അഞ്ചുവയസ്സിന് താഴെ, കളിക്കുന്നു. മുതിർന്നവർ ശ്രദ്ധിക്കാനില്ലാതെ കുട്ടി കിണറിൽ വീഴുന്നു. പിന്നെ കരച്ചിലായി, ഫയർ സർവീസ് ആയി, രക്ഷാപ്രവർത്തനമായി. ദേശീയ ദുരന്ത നിവാരണ സേനയോ ആർമിയോ രക്ഷാപ്രവർത്തനത്തിന് എത്തുന്നതോടെ മാധ്യമശ്രദ്ധയുമായി. രക്ഷാ പ്രവർത്തനങ്ങളും വാർത്താപ്രവർത്തനവും പ്രാർത്ഥനകളും ഒരുപോലെ നടക്കുന്നു. പക്ഷെ മിക്കവാറും കേസുകളിൽ കഥ ശുഭപര്യവസായി ആയിരിക്കില്ല.

ഇതിലെ ശരിയായ ദുരന്തം, വർഷത്തിൽ ഇന്ത്യയിൽ ഇത്തരം എത്ര സംഭവങ്ങളുണ്ടാകുന്നു എന്നതിന് പോലും നമുക്കൊരു കണക്കില്ല എന്നതാണ്. ചില വാർത്തകൾ പത്തു വർഷത്തിൽ നൂറിൽ താഴെ കേസുകളുണ്ടായി എന്ന് പറയുന്പോൾ മറ്റു ചില വാർത്തകൾ പറയുന്നത് മധ്യപ്രദേശിൽ മാത്രം 2012 ൽ 89 കുട്ടികൾ മരിച്ചു എന്നാണ് ( The figures of these deaths are very dreadful as most of the children who fall in these man-made death holes, end up losing their lives. In the year 2012 it was reported that in Madhya Pradesh 67 children died, 39 lost their lives Maharashtra, Uttar Pradesh (19), Gujarat (18) and Tamil Nadu (13).). “What you don’t monitor, you can’t manage” എന്നൊരു പഴംചൊല്ലുണ്ട്. എത്ര കിണറുകളുണ്ട്, അവയിൽ എത്രയെണ്ണം ചതിക്കുഴികളായി തുറന്നുകിടക്കുന്നു, എത്ര അപകടങ്ങളുണ്ടായിട്ടുണ്ട്, എത്ര കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്തി എന്നൊക്കെ കണ്ടുപിടിക്കലാണ് സുരക്ഷയിലേക്കുള്ള ആദ്യത്തെ പടി.

എങ്ങനെയാണ് കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. മുൻപ് പറഞ്ഞത് പോലെ ഇക്കാര്യത്തിൽ രക്ഷാ പ്രവർത്തനം അത്ര ഫലപ്രദമല്ല. എന്താണ് സാധാരണഗതിയിൽ രക്ഷാപ്രവർത്തനത്തിന്റ രീതി എന്ന് ആദ്യം പറയാം.

1. ഒരു കുട്ടി കുഴൽക്കിണറിൽ വീണു കഴിഞ്ഞാൽ ആദ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നത് എത്ര ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത് എന്നതാണ്. കയറോ വഴങ്ങുന്ന പൈപ്പോ താഴേക്കിട്ടാണ് വിദഗ്ദ്ധ സംഘം എത്തുന്നതിന് മുൻപ് ഇക്കാര്യം ആളുകൾ കണ്ടുപിടിക്കുന്നത്.

2. കുട്ടി ജീവനോടെ ഉണ്ടോ എന്ന് കണ്ടുപിടിക്കലാണ് അടുത്ത പടി. കുട്ടി അത്ര ആഴത്തിലല്ല കുടുങ്ങിയിരിക്കുന്നത് എങ്കിൽ ആദ്യദിവസം കരച്ചിലും ഞെരക്കവും മുകളിൽ അറിയാൻ പറ്റും.

3. സാധാരണഗതിയിൽ ഇതിൽ കവിഞ്ഞ വിദഗ്ദ്ധ ഉപകരണങ്ങൾ ഇന്ത്യയിലെ ലോക്കൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കയ്യിൽ ലഭ്യമാകാറില്ല. കര – നാവിക സേനാ വിഭാഗങ്ങളോ, ഇപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയോ ആണ് ഇക്കാര്യത്തിൽ കൂടുതൽ സംവിധാനങ്ങളുള്ളവർ. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യമുണ്ടായാൽ ഏറ്റവും വേഗം അവരെ ബന്ധപ്പെടുകയാണ് ബുദ്ധി.

4. കുഴൽക്കിണറിനുള്ളിൽ കാമറ, എത്ര ചെറിയ ശബ്ദവും പിടിച്ചെടുത്തു വലുതാക്കി കേൾപ്പിക്കാൻ കഴിയുന്ന മൈക്രോഫോൺ (ultra sensitive microphone), ജീവനുള്ള ശരീരത്തിന്റെ ചൂടറിയാൻ കഴിയുന്ന ഇൻഫ്രാറെഡ് സെൻസറുകൾ, കിണറിന്റെ ആഴമറിയാനുള്ള ഇന്റർഫേസ് മീറ്റർ ഇതെല്ലാമാണ് ആദ്യം വേണ്ടത്. ഇവ ഉപയോഗിച്ച് കുട്ടി ജീവനോടെ ഉണ്ടോ, ഏതു നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്, വീണ്ടും താഴേക്ക് പോകാൻ സാധ്യതയുണ്ടോ എന്നെല്ലാം കണ്ടുപിടിക്കാം.

4. കുഴൽക്കിണറിനുള്ളിൽ നിന്നും കുട്ടിയെ പുറത്തെത്തിക്കുക എന്നത് അതീവ ശ്രമകരമാണ്. അത് പ്ലാൻ ചെയ്യുന്ന സമയത്ത് കുട്ടിയുടെ ജീവൻ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. മുകളിൽ നിന്നും അമ്മയുടെ ശബ്ദം കേൾപ്പിക്കുക, ദ്രവരൂപത്തിൽ ഭക്ഷണം കൊടുക്കുക, കുട്ടിയുടെ ചുറ്റും ചെളിയുണ്ടെങ്കിൽ അത് കഴുകിക്കളയുക, വായു സഞ്ചാരം വർദ്ധിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും സാഹചര്യങ്ങളനുസരിച്ചു ചെയ്യാറുണ്ട്.

5. കുട്ടിയെ രക്ഷിക്കാൻ പ്രധാനമായും രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഒന്ന്, കുട്ടി കിടക്കുന്ന കിണറിനുള്ളിൽ കൂടിത്തന്നെ ആളുകളെയോ യന്ത്രങ്ങളെയോ ഉപയോഗിച്ച് കുട്ടിയെ തിരിച്ചെടുക്കാൻ നോക്കുക. രണ്ട്, കുട്ടി കുടുങ്ങിയിരിക്കുന്ന കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കിണർ ഉണ്ടാക്കി അതിലൂടെ കുട്ടിയുടെ അടുത്തെത്തി കുട്ടിയെ രക്ഷിക്കുക.

5. കുട്ടി കിടക്കുന്ന കിണറിനുള്ളിൽക്കൂടി കുട്ടിയെ രക്ഷിക്കുക എന്നതാണ് കൂടുതൽ വേഗത്തിൽ ചെയ്യാവുന്നത്. പക്ഷെ ഇതത്ര എളുപ്പമല്ല. ആ കിണറിൽ ഉണ്ടാകുന്ന ചെറിയ അനക്കം പോലും കുട്ടി താഴേക്ക് പോകാൻ കാരണമായേക്കാം. നല്ല ധൈര്യമുള്ള വലുപ്പം കുറഞ്ഞ രക്ഷാപ്രവർത്തകരെ തലകുത്തനെ കിണറിലേക്ക് ഇറക്കി കുട്ടികളെ രക്ഷിച്ച സാഹചര്യം ലോകത്തുണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും നിർദ്ദേശിക്കാവുന്ന നല്ല പ്രായോഗിക മാർഗ്ഗങ്ങളല്ല. മറ്റൊരാളുടെ ജീവൻ കൂടി അപകടത്തിലാക്കാത്ത തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ ശ്രമിക്കേണ്ടത്.

6. കുഴൽക്കിണറിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തി എടുക്കാനുള്ള മെക്കാനിക്കൽ, ന്യൂമാറ്റിക്ക്, റോബോട്ടിക്ക് സംവിധാനങ്ങൾ പലരും ഡിസൈൻ ചെയ്തിട്ടുണ്ട്. പക്ഷെ ഇവ ഒന്നും പൂർണ്ണ സുരക്ഷിതമോ വിശ്വസിക്കാവുന്നതോ അല്ല. ഇന്ത്യയിൽ എല്ലായിടത്തും ഈ സംവിധാനങ്ങൾ ലഭ്യവുമല്ല.

7. കുട്ടി കിടക്കുന്ന കിണറിനടുത്ത് അതിന് സമാന്തരമായി രക്ഷാപ്രവർത്തകർക്ക് താഴേക്ക് പോകാൻ വലുപ്പത്തിൽ കിണറുണ്ടാക്കി അതിൽ നിന്നും കുട്ടി കിടക്കുന്ന കിണറിന്റെ താഴേക്ക് ദ്വാരമുണ്ടാക്കി കുട്ടിയുടെ അടുത്തെത്തുക എന്നതാണ് താരതമ്യേന സുരക്ഷിതവും വിശ്വാസനിയീയവുമായ മാർഗ്ഗം. ഇതിനുള്ള റിഗ് സംവിധാനങ്ങൾ പലപ്പോഴും ആ പ്രദേശത്ത് ലഭ്യമാകണമെന്നില്ല. എണ്ണ പ്രകൃതിവാതക കമ്മീഷന്റെ പക്കലാണ് ഇത്തരം ഏറ്റവും നല്ല സൗകര്യങ്ങളുള്ളത്. ഏറ്റവും വേഗത്തിൽ അവരെ ബന്ധപ്പെടുകയും അവരുടെ സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള അംഗീകാരം നേടിയെടുക്കുകയും വേണം.

8. ഈ രണ്ടു തരത്തിലുള്ള രക്ഷാ പ്രവർത്തനത്തിനും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആത്മവിശ്വാസത്തോടെ പ്രൊഫഷണലായി പരമാവധി ശ്രമിക്കുക എന്നത് മാത്രമേ രക്ഷാപ്രവർത്തകർക്ക് ചെയ്യാനുള്ളൂ.

9. സംഭവസ്ഥലത്ത് പതിനായിരക്കണക്കിന് ആളുകളും, മാധ്യമങ്ങളും, പുരോഹിതരും, രാഷ്ട്രീയനേതാക്കളും സംഭവ സ്ഥലത്തേക്ക് ഒഴുകും. ഇങ്ങനെ ചെയ്യാതിരിക്കുക എന്നതാണ് രക്ഷാപ്രവർത്തനത്തിന് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല സഹായം. ഒരു തരത്തിലും രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്താതിരിക്കുക, രക്ഷാപ്രവർത്തകരെ സമ്മർദ്ദത്തിലാക്കാതിരിക്കുക ഇവയൊക്കെയാണ് മറ്റുള്ളവർ ശ്രദ്ധിക്കേണ്ടത്.

10. കുഴൽക്കിണറിൽ വീണ കുട്ടികളെ രക്ഷിക്കുന്നത് ഏറെ ശ്രമകരമായതും വിജയസാധ്യത കുറഞ്ഞതുമായ പ്രവർത്തി ആയതിനാൽ കുട്ടികൾ കിണറിൽ വീഴാതെ ശ്രദ്ധിക്കുക എന്നതാണ് കുടുംബവും സമൂഹവും ചെയ്യേണ്ടത്. ഉപയോഗശൂന്യമായി കിടക്കുന്ന കുഴൽക്കിണറുകൾക്ക് വേണ്ടത്ര സുരക്ഷാ കവചങ്ങളുണ്ടാക്കുക, കുട്ടികൾ പുറത്ത് കളിക്കുന്പോൾ വേണ്ടത്ര മേൽനോട്ടം നൽകുക എന്നിവയൊക്കെ ചെയ്താൽ ഇത്തരം സാഹചര്യം ഒഴിവാക്കാം.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട!

(ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് ലേഖകന്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button