ഭുവനേശ്വര്‍ : ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് കൊടുങ്കാറ്റുകള്‍ അതിജീവിച്ച് 28 ദിവസം ദിശ തെറ്റി ഒഴുകി 1300 കിലോമീറ്റര്‍ താണ്ടിയ ആന്‍ഡമാന്‍കാരന് ഒഡീഷ തീരത്ത് പുനര്‍ജന്മം. ആന്‍ഡമാനിലെ ഷഹീദ് ദ്വീപിലെ അമൃത് കൂജൂര്‍ ആണ് തകര്‍ന്ന ബോട്ടുമായി ഒഡീഷയിലെ ഖിരിസാഹിയില്‍ തീരത്തെത്തിയത്. സുഹൃത്ത് ദിവ്യ രഞ്ജന്‍ വിശപ്പും ദാഹവും മൂലം ഇഞ്ചിഞ്ചായി മരിക്കുന്നതിന് സാക്ഷിയായ കുജൂര്‍ ഇന്ധനം തീര്‍ന്ന് പ്രവര്‍ത്തനരഹിതമായ ബോട്ടില്‍ കടലില്‍ ഒഴുകി നടക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന കുജൂര്‍ സുഖംപ്രാപിച്ച് വരുന്നു.
Read Also : തിരുവിതാംകൂർ ദേവസ്വം ബോർഡ്; പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളിനെ നിയമിക്കും
ആന്‍ഡമാന്‍ കടലില്‍ കപ്പലുകള്‍ക്ക് പലചരക്കുസാധനങ്ങളും ശുദ്ധജലവും വില്‍ക്കുന്ന ജോലിയായിരുന്നു ഇരുവര്‍ക്കും. നാട്ടില്‍ നിന്ന് കഴിഞ്ഞ മാസം 28ന് പുറപ്പെടുമ്പോള്‍ ഇവരുടെ ബോട്ടില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഉണ്ടായിരുന്നു. തീരംവിട്ട് അധികം കഴിയും മുമ്പെ കൊടുങ്കാറ്റില്‍ കപ്പല്‍ തകര്‍ന്നു. കടല്‍വെള്ളം അടിച്ചുകയറിയപ്പോള്‍ ഭാരം കുറയ്ക്കാന്‍ ഡീസല്‍ ഉള്‍പ്പെടെ എല്ലാം കടലില്‍ ഒഴുക്കി കളഞ്ഞു. ഇന്ധനം തീര്‍ന്നതോടെ ബോട്ട് ദിശതെറ്റി ഒഴുകാനും തുടങ്ങി. ഒടുവില്‍ ഒരു ബര്‍മീസ് നാവിക കപ്പല്‍ 260 ലിറ്റര്‍ ഡീസലും ദിശ അറിയാനുള്ള കോംപസും നല്‍കി. എന്നാല്‍ കൂറ്റന്‍ തിരമാലയില്‍പ്പെട്ട ബോട്ട് മറിഞ്ഞ് മുങ്ങുമെന്ന അവസ്ഥയിലായി. ഇതിനിടെ ഭക്ഷണവും വെള്ളവും ലങിക്കാതായതോടെ ദിവ്യരഞ്ചന്‍ മരണത്തിനു കീഴടങ്ങി. മൃതദേഹം അഴുകാന്‍ തുടങ്ങിയപ്പോള്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കുജൂര്‍ പറഞ്ഞു.
Post Your Comments