കോഴിക്കോട്: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി വട്ടിയൂർകാവ് മുൻ കോൺഗ്രസ് എംഎൽഎയും,നിലവിൽ എംപിയുമായ കെ മുരളീധരൻ. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നും എൻഎസ്എസിനെ എതിർക്കാൻ സിപിഎം ആർഎസ്എസിനെ കൂട്ടുപിടിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കൽ തെളിവുകളുണ്ട്. അതിപ്പോൾ പുറത്തു വിടുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടാണ് അതു ചെയ്തത്. എൻഎസ്എസിനെ എതിർക്കാൻ സിപിഎം ആർഎസ്എസിനെ കൂട്ടുപിടിക്കുകയായിരുന്നുവെന്നും, ആർഎസ്എസ് വോട്ടുകൾ എൽഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
Also read : വനിതാ കമ്മീഷന് സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര
എംഎൽഎമാരെ രാജിവയ്പിച്ച് എംപിമാരാക്കിയത് ജനങ്ങൾക്ക് ഇഷ്ടമായിട്ടില്ല. കണ്ണിലെ കൃഷ്ണമണി പോലെ എട്ട് വർഷം പരിപാലിച്ച തന്റെ മണ്ഡലമാണ് വട്ടിയൂർക്കാവ്. ആ മണ്ഡലമാണു യുഡിഎഫിനു നഷ്ടമായത്. അതിൽ ഏറ്റവും ദുഃഖിതൻ താനാണെന്നും മുരളീധരൻ വ്യക്തമാക്കി. പ്രളയകാലത്ത് റസിഡൻസ് അസോസിയേഷനുകൾ ശേഖരിച്ചു നൽകിയ സാധനങ്ങൾ കൊടി വീശി കയറ്റിയയച്ചതല്ലാതെ പ്രശാന്ത് ഒന്നും ചെയ്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രശാന്തിനെ മേയർ ബ്രോ ആയി അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read : കേരള കോൺഗ്രസ് പോര്: ചെയർമാൻ ഇൻ ചാർജ് ജോസഫ് പാർലിമെന്റ് പാർട്ടി യോഗം വിളിച്ചു
വട്ടിയൂർക്കാവിൽ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സിപിഎം സ്ഥാനാർഥി വി.കെ. പ്രശാന്ത് കോണ്‍ഗ്രസിലെ കെ. മോഹൻകുമാറിനെ തോൽപ്പിച്ചത്. തിരുവനന്തപുരം നോർത്ത് നിയമസഭാ മണ്ഡലം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലമായി മാറിയതിനു ശേഷം ആദ്യമായാണ് ഇടതു മുന്നണി ഇവിടെ വിജയം നേടുന്നത്. മണ്ഡലം നിലവിൽ വന്നതിനുശേഷം നടന്ന 2011 ലെയും 2016 ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കെ. മുരളീധരനാണ് ഇവിടെ വിജയിച്ചത്.
Post Your Comments