കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നത് പലരും പറയുന്ന ഒരു പരാതിയാണ്. എന്നാല്‍ ഒരു സെന്റെങ്കിലും ഭൂമിയും കോണ്‍ക്രീറ്റ് ചെയ്ത മട്ടുപ്പാവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കൃഷി തുടങ്ങാം. എല്ലാത്തിലുമുപരി കൃഷിചെയ്യാനുള്ള മനസാണ് വേണ്ടത്. ഇത്തരത്തിലുള്ള കൃഷിക്ക് ഏറ്റവും ഫലപ്രദം ഗ്രോ ബാഗുകളാണ്. ആവശ്യാനുസരണം എടുത്ത് നീക്കിവെക്കാനും നടാനുള്ള സൗകര്യവുമൊക്കെയാണ് ഗ്രോബാഗുകളെ പ്രിയപ്പെട്ടതാക്കുന്നത്. ടെറസിന് മുകളില്‍ പന്തലിട്ടും പച്ചക്കറികള്‍ നടാം. ഇതിനായി വലയോ പ്ലാസ്റ്റിക് വള്ളികളോ ഉപയോഗിക്കാവുന്നതാണ്. ഇത്തിരി പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ റെഡിമെയ്ഡ് പന്തലുകള്‍ വീട്ടില്‍ വന്നു സജ്ജീകരിച്ചു നല്‍കുന്നവരും ഉണ്ട്.
പൈപ്പുകളില്‍ തുളയിട്ട് മണ്ണും വളവും നിറച്ചുള്ള പൈപ്പ് ഫാമിങ്ങ് കൃഷിയും അടുക്കളത്തോട്ട കൃഷിക്ക് ഫലപ്രദമാണ്. സ്ഥലം തീരെ കുറച്ചു മതിയെന്നതാണ് ഇതിന്റെ ഗുണം. ഫ്ളാറ്റുകള്‍ പോലെ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളില്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് രീതി ഏറെ ഫലപ്രദമാണ്. എന്നാല്‍ വീടിന്റെ ടെറസില്‍ കൃഷി ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം
ആദ്യം തന്നെ തോട്ടം തയ്യാറാക്കുമ്പോള്‍ എങ്ങനെയെല്ലാം അതിനെ സജ്ജീകരിയ്ക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. മിതമായ വെയില് മാത്രമുള്ളിടത്ത് വേണം കൃഷി ചെയ്യാന്‍ സ്ഥലം കണ്ടെത്താന്‍. അല്ലാത്ത പക്ഷം വിപരീതഫലമാണ് ഉണ്ടാവുക.
മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍. വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം ആദ്യം കൃഷിക്കായി തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവയാണ് ഉചിതം. ചെടികള്‍ സ്ഥിരമായി നനയ്ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിഷരഹിതമായ പച്ചക്കറി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഒന്ന് ശ്രമിച്ച് നോക്കൂ…
Post Your Comments