പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്‌ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ. കൃഷ്‌ണകുമാര്‍, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്‌ണന്‍ എന്നിവർക്കാണ് മോഹൻലാലിനെ കൂടാതെ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
1972 ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കൂടാതെ ആനക്കൊമ്പുകള്‍ കൈവശം വയ്‌ക്കുകയും കൈമാറ്റം നടത്തുകയും അവ വാങ്ങി സൂക്ഷിക്കുകയും സര്‍ക്കാരിനെ അറിയിക്കാതിരിക്കുകയും ചെയ്‌തുവെന്നാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ കേസ് ആയതുകൊണ്ട് ഇവർ നേരിട്ടു ഹാജരായി ജാമ്യം എടുക്കേണ്ടതുണ്ട്. ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ വീണ്ടും വിളിപ്പിക്കും. പിന്നീടാണ് വിചാരണയുടെ തീയതി നിശ്ചയിക്കുക.
Post Your Comments