കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര , അന്നമ്മയോട് ജോളിയ്ക്ക് പക ഉണ്ടാകാനുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് ജോളി. തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങള്‍ ഉണ്ടായിരുന്നു. അന്നമ്മയുടെ 3 മക്കളില്‍ ഏറ്റവും വിദ്യാഭ്യാസം കുറവ് തന്റെ ഭര്‍ത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജോലിയില്ലാതിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്ത്തി സംസാരിക്കുന്നതു പതിവായിരുന്നുവെന്നും ഇത് തനിക്ക് അന്നമ്മയോടുള്ള പക വളര്‍ത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോടു വെളിപ്പെടുത്തി. മാത്രമല്ല, പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭര്‍ത്താവിന്റെയും തന്റെയും പെന്‍ഷന്‍ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാല്‍ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു.
അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നു പൊലീസ് കണ്ടെത്തി. അന്നമ്മയുടെ മരണശേഷം ആഭരണങ്ങള്‍ കാണാതായെന്നു മകള്‍ രഞ്ജി തോമസ് പൊലീസിനു മൊഴി നല്‍കിയിരുന്നു. അന്നമ്മ മരിച്ചു മൂന്നാം ദിവസം ‘രഞ്ജിക്ക് ഇനി ഈ വീട്ടില്‍ അവകാശമൊന്നുമില്ല’ എന്നു ജോളി തന്നോടു പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്കുകള്‍ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.
Post Your Comments