കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി പ്രജികുമാറിന് സയനൈഡ് നല്‍കിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവര്‍ഷം മുന്‍പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. കോയമ്പത്തൂരിലെ ഈ വ്യാപാരിയില്‍ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വര്‍ണപ്പണിക്കാരനാണ് സയനൈഡ് വാങ്ങിയത്. ഇയാളില്‍ നിന്ന് വാങ്ങിയായിരുന്നു പ്രജികുമാര്‍ സയനൈഡ് ജോളിക്ക് നല്‍കിയിരുന്നത്.
സ്വര്‍ണപ്പണിക്കെന്ന് പറഞ്ഞാണ് പ്രജികുമാര്‍ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാള്‍ അന്വേഷസംഘത്തിനോട് പറഞ്ഞു. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുന്‍പാണ് കോയമ്പത്തൂരിലെത്തിയത്. കോയമ്പത്തൂരില്‍ നിന്നു സയനൈഡ് കേരളത്തിലെ സ്വര്‍ണപ്പണിക്കാരുടെ കയ്യിലെത്തുന്ന വഴികളെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചു. പ്രതി ജോളി ജോസഫ് സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സണുമൊത്ത് നടത്തിയ കോയമ്പത്തൂര്‍ യാത്രകളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ ശേരിച്ചിട്ടുണ്ട്.
മാരക വിഷമായ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചായിരുന്നു അന്നമ്മ ഒഴികേയുള്ള അഞ്ച് പേരേയും ജോളി കൊലപ്പെടുത്തിയത്. 2002 ല്‍ കൊല്ലപ്പെട്ട അന്നമ്മക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നെന്ന് ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്താം എന്ന ആശയം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മാധ്യമങ്ങളില്‍ നിന്നായിരുന്നുവെന്നാണ് ജോളി പോലീസിന് നല്‍കിയ മൊഴി.
Post Your Comments