കോയമ്പത്തൂർ: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ചികിത്സയിൽ കഴിയവെയാണ് കവിത മരിച്ചത്. ഭർത്താവ് ശിവകുമാർ (42) ആണ് ഭാര്യക്ക് നേരെ ആസിഡ് ഒഴിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്.
തന്നെയും മക്കളെയും ഉപേക്ഷിച്ച് കവിത കാമുകനൊപ്പം ഒളിച്ചോടിയതിലുള്ള പക വീട്ടുകയായിരുന്നു ശിവകുമാർ. ആക്രമണത്തിൽ കവിതയ്ക്ക് 88 ശതമാനം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. കോടതി വളപ്പിൽ വെച്ച് ഭാര്യയെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
സംഭവബഹുലമായിരുന്നു മലയാളികളായ ഇരുവരുടെയും ജീവിതം. പ്രണയവിവാഹമായിരുന്നു. വർഷങ്ങൾക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ച ഇവർ മക്കളോടൊപ്പം, തമിഴ്‌നാട്ടിൽ ആണ് താമസിച്ചിരുന്നത്. ലോറി ഡ്രൈവറാണ് കണ്ണംപാളയം സ്വദേശിയായ ശിവകുമാർ. ഇവർക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. 2016 ൽ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുണ്ടായി. ഇതോടെ കവിത അകത്തായി. ജാമ്യത്തിൽ ഇറങ്ങിയ സമയങ്ങളിൽ കവിത മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഒടുവിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കവിത കാമുകനായ യുവാവിനൊപ്പം ഒളിച്ചോടി.
കവിതയെ അന്വേഷിച്ചെങ്കിലും ശിവകുമാറിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയ ഭാര്യയോട് ഇയാൾക്ക് പകയായിരുന്നു. ഇതിനിടെയാണ് മാർച്ച് 23ന് കവിത മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുമെന്ന വിവരം ശിവകുമാറിന് ലഭിക്കുന്നത്. കോടതിയിൽ ഹാജരാകാനെത്തിയ കവിതയെ കാണാൻ ശിവകുമാറും മക്കളുമെത്തി. പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ കവിത ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ ശിവകുമാർ കൈവശം സൂക്ഷിച്ചിരുന്ന ആസിഡ് കവിതയ്ക്ക് നേരെ എറിയുകയായിരുന്നു.
Post Your Comments