ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴു ലീഗ്ത്സരങ്ങളിൽ ആറു തവണയും നടുഭാഗം തന്നെയാണ് ജേതാവായത്. മൈക്രോ സെക്കന്റ് വ്യത്യാസത്തിൽ വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേൽ രണ്ടാം സ്ഥാനം നേടി. എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് മൂന്നാം സ്ഥാനവും നേടി. വിനോദ സഞ്ചാര വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൻറെ ഏഴാമത് മത്സരം പൊന്നാനി ബിയ്യം കായലിലാണ് നടക്കേണ്ടിയിരുന്നത്. പൊന്നാനി-കൊടുങ്ങല്ലൂർ ജലപാത സുഗമമാകാത്ത സാഹചര്യത്തിലാണ് വീണ്ടും സി.ബി.എല്ലിന് വേദിയാകാൻ കോട്ടപ്പുറത്തിന് സാധിച്ചത്. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു. 900 മീറ്റർ നീളമുള്ള ട്രാക്കിൽ 9 ചുണ്ടൻ വളങ്ങളാണ് മത്സരിച്ചത്. 3 വള്ളങ്ങൾ വീതമുള്ള 3 ഹീറ്റ്സ് മത്സരങ്ങളായാണ് മത്സരം നടത്തിയത്.
Read also: ‘ബ്രെക്സിറ്റ്’ നീട്ടാൻ ആവശ്യപ്പെടണമെന്നു പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം; പ്രസിഡന്റിന് തിരിച്ചടി
പ്രധാന വേദിയോട് ചേർന്നുള്ള പവലിയനിൽ കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ എന്ന നൃത്തരൂപം, തെയ്യം, അറബിക് ഡാൻസ്, മാർഗം കളി എന്നിവയും അരങ്ങേറി. മത്സരങ്ങൾക്കിടയിൽ നടത്തിയ ബോട്ട് വാട്ടർ സ്റ്റീമിങ്ങും ആകർഷകമായി.വിനോദസഞ്ചാരികൾക്ക് കൂടി ആസ്വദിക്കാൻ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ ഓരോ സ്ഥലത്തും നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയോടെ ആരംഭിച്ച മത്സരം നവംബർ 23ന് കൊല്ലത്ത് നടക്കുന്ന പ്രസിഡൻസ് ട്രോഫി മത്സരത്തോടെ സമാപിക്കും. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന 20 ചുണ്ടൻ വള്ളങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച 9 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഓരോ ലീഗ് മത്സരത്തിലും ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒന്ന് മുതൽ ഓരോ വേദിക്കും ബോണസായി 5 ലക്ഷം രൂപ വരെ ലഭിക്കും. ഒന്നാം സ്ഥാനത്തെത്തിയ വള്ളങ്ങൾക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന വള്ളങ്ങൾക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 12 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വള്ളത്തിനാണ് ഒന്നാംസ്ഥാനം ലഭിക്കുക. 15 കോടിയോളം രൂപയാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്. മൂന്നു വള്ളങ്ങൾ വീതമുള്ള മൂന്ന് ഹീറ്റ്സ് മത്സരങ്ങളാണ് നടന്നത്. 35 പേർ തുഴയുന്ന ആറു വള്ളങ്ങളും 25 പേർ തുഴയുന്ന 7 വള്ളങ്ങളുമാണ് മത്സരത്തിൽ പങ്കെടുത്തത്.
Post Your Comments