ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സവര്‍ക്കര്‍ക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കാനായി ശുപാര്‍ശ ചെയ്യുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഗാന്ധിയനായ ഹസാരെ സവര്‍ക്കര്‍ ഭാരതരത്നയ്ക്ക് അര്‍ഹനാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെ എതിര്‍ത്ത ഹസാരെ രാഷ്ട്രീയ നേട്ടത്തിനായി സവര്‍ക്കറെ ഉപയോഗിക്കുന്നത് തടയണമെന്നും വ്യക്തമാക്കി.
നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സവര്‍ക്കറെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സവര്‍ക്കറുടെ ഹിന്ദുത്വ അജണ്ടയോട് രാഷ്ട്രീയപരമായി വിയോജിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ സവര്‍ക്കറോട് യാതൊരു എതിര്‍പ്പുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വാതന്ത്ര്യ സമരത്തിലെ സവര്‍ക്കറുടെ പങ്കിനെ ബഹുമാനിക്കുന്നെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം സവര്‍ക്കര്‍ക്ക് ഭാരതരത്ന പുരസ്‌കാരം നല്‍കാനായി ശുപാര്‍ശ ചെയ്യുമെന്ന ബിജെപി പ്രകടന പത്രികയ്ക്ക് എതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഗാന്ധിവധത്തില്‍ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബിജെപി വാഗ്ദാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments