കോഴിക്കോട്: ‘വീര സവര്‍ക്കര്‍’ നാലായിരത്തോളം ദിവസം നമുക്കെല്ലാവര്‍ക്കും വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ ഷൂവര്‍ക്കര്‍ എന്നുവിളിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും രാഹുല്‍ ഈശ്വര്‍. ‘സവര്‍ക്കറെ മഹാനാക്കുന്നത് എന്തിന്? ചരിത്രം മാറ്റി എഴുതുന്നോ ബി.ജെ.പി?’ എന്ന വിഷയത്തില്‍ മീഡിയാവണ്‍ ചാനലിലെ ‘സ്‌പെഷ്യല്‍ എഡീഷന്‍’ പ്രൊഗ്രാമില്‍ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
‘എന്റെ വിശ്വാസത്തില്‍ ഗാന്ധി ഒരു ഫിലോസഫറാണ്. അദ്ദേഹത്തെ ആരോട് കൂട്ടിക്കെട്ടിയാലും നന്മ മാത്രമേ ഉണ്ടാവുകയൊള്ളു. 1944ല്‍ ഗോഡ്‌സെ ഗാന്ധിയെ കൊല്ലാനായി വന്നപ്പോള്‍ നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കാം എന്ന് പറഞ്ഞയാളാണ് ഗാന്ധി. വീര സവര്‍ക്കര്‍ നാലായിരത്തോളം ദിവസം നമുക്കെല്ലാവര്‍ക്കും വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണ്. ഗോള്‍വാര്‍ക്കറിന് സവര്‍ക്കറുമായി എതിരഭിപ്രായമുള്ള ആളായിരുന്നു. പശു സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കാത്ത, വിശ്വാസിയല്ലാത്ത ആളാണ് സവര്‍ക്കര്‍. തീര്‍ച്ചയായും അദ്ദേഹത്തോട് വിയോജിക്കാം. എന്നാല്‍ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നതും ഷൂവര്‍ക്കറാണെന്ന് പറയുന്നതുമൊക്കെ നമ്മള്‍ നമ്മുടെ ചരിത്രത്തോട് ചെയ്യുന്ന അനീതിയല്ലെ,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം, രാഹുൽ ഈശ്വറിന്റെ പ്രസ്താവനയിൽ അവതാരകൻ അഭിലാഷ് മോഹൻ മറുപടി നൽകുകയും ചെയ്തു. ഒരുപാട് മഹാന്‍മാര്‍ ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും അവരാരും ബ്രിട്ടീഷ് രാജ്യത്തിനായി പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ് മാപ്പെഴുതിക്കൊടുത്തിട്ടില്ലെന്നും മാപ്പെഴുതി കൊടുത്തയാളെ സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയില്‍ പ്രതിഷ്ഠിക്കുന്നതാണ് അനീതിയെന്നുമായിരുന്നു അഭിലാഷ് വ്യക്തമാക്കിയത്.
Post Your Comments