പത്തനംതിട്ട: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ത്രികോണ മത്സരം നടക്കുന്ന കോന്നിയിൽ ഓർത്തഡോക്സ് വോട്ടുകൾ ബി ജെ പിക്ക് നൽകണമെന്ന് സഭ ആഹ്വനം ചെയ്തു. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള വൈദികൻ തന്നെ പിന്തുണയുമായി കോന്നിയിൽ എത്തി. 53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓര്‍ത്തഡോക്സ് വിഭാഗത്തെ കൂടെ നിര്‍ത്താൻ സാധിച്ചത് എൻ ഡി എയുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അങ്കമാലി അതിരൂപതയിലെ ഫാദർ വർഗീസാണ് എൻഡിഎക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയത്. സഭാ തര്‍ക്കത്തിൽ ഇടത് വലത് മുന്നണികളിൽ നിന്ന് ഓര്‍ത്ത്ഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് ഫാദര്‍ വർഗീസ് പറഞ്ഞു. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി കൂടിയായ ഇദ്ദേഹം കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. സഭയെ ദ്രോഹിച്ചവരെ സഭാ വിശ്വാസികൾക്ക് അറിയാമെന്നും അതനുസരിച്ച് വിശ്വാസികൾ ഉപതെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയുടെ ചുമതലയുള്ള എഎൻ രാധാകൃഷ്ണൻ അടക്കമുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും വിശ്വാസി വീടുകളും പള്ളികളും കേന്ദ്രീകരിച്ചും എൻഡിഎ പ്രചാരണം ശക്തമാക്കുകയാണ്.
Post Your Comments