ആലപ്പുഴ: കുട്ടനാടിന്റെ പ്രകൃതിഭംഗി നുകരാനായി നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും എത്തുന്നു. കുട്ടനാട്ടിലെ കായല്‍ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും കുട്ടനാട്ടില്‍ എത്തുന്നത്. ഇവര്‍ക്കായി 50 മിനിറ്റ് നീളുന്ന കായല്‍ യാത്രയാണ് ആലപ്പുഴയില്‍ ഒരുക്കിയിട്ടുള്ളത്. ഫിനിഷിംഗ് പോയിന്റില്‍ നിന്നും ആരംഭിച്ച് എസ് എന്‍ ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിന്റില്‍ എത്തുന്ന രീതിയിലാണ് യാത്രയുടെ ക്രമീകരണം.
രാജാവിനെയും രാജ്ഞിയെയും സ്വീകരിക്കാനായി ഇവിടെ പ്രത്യേക ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 10 പേരടങ്ങുന്ന താലപ്പൊലിയേന്തിയ സംഘം, വേലകളി സംഘം എന്നിവരെ തയ്യാറാക്കിയിട്ടുണ്ട്. രാജാവും രാജ്ഞിയും സഞ്ചരിക്കുന്ന പാതയോരത്ത് ദേശീയ പാതയില്‍ ഇരുരാജ്യങ്ങളുടെയും പതാക സ്ഥാപിച്ചിട്ടുണ്ട്. ഫിനിഷിങ് പോയിന്റിലേക്കുള്ള വഴിയോരത്തും കായല്‍ യാത്ര ചെയ്യുന്ന കരകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, നെതര്‍ലന്‍ഡ് രാജാവിന്റെ സന്ദര്‍ശനം മൂലം ശാപമോക്ഷം കിട്ടിയത് നാളുകളായി തകര്‍ന്നുകിടന്ന റോഡുകള്‍ക്കാണ്. കുണ്ടുംകുഴിയും ചെളിയുംനിറഞ്ഞ റോഡുകള്‍ രാജവീഥിയായി മാറി. എറണാകുളത്തുനിന്ന് രാജാവ് കാര്‍മാര്‍ഗം ആലപ്പുഴയിലെത്തുന്ന റോഡുകളാണ് അതിവേഗം ഹൈവേ നിലവാരത്തിലായത്. ശവക്കോട്ടപ്പാലം മുതല്‍ ഫിനിഷിങ് പോയിന്റുവരെയുള്ള കനാലിന്റെ വടക്കുഭാഗത്തെ റോഡുവഴിയാണ് രാജാവിന്റെ യാത്ര. ഈ റോഡും തകര്‍ന്നുകിടക്കുകയായിരുന്നു. ഇതോടെ അതിവേഗം പണികള്‍ പൂര്‍ത്തിയായി. ടെന്‍ഡറിനും പണിക്കും എല്ലാംകൂടി മൂന്നുദിവസം മാത്രമാണ് വേണ്ടി വന്നത്. 200 മീറ്റര്‍ ഭാഗത്ത് ടൈലും വിരിച്ചിട്ടുണ്ട്.
Post Your Comments