News

ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം ജിയോയുടെ ഈ പുതിയ തീരുമാനവുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍

മുംബൈ : രാജ്യത്ത് ജിയോയുടെ വരവോടെ ടെലികോം രംഗം മാറി മറിയുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ആദ്യമായി ഫോര്‍-ജി സേവനം കൊണ്ടുവരികയും തുടര്‍ന്ന് അണ്‍ലിമിറ്റഡ് ആയി ഇന്റര്‍നെറ്റ് കൊടുക്കാന്‍ തുടങ്ങിയതോടെ പിന്നെ ഒരു ചരിത്രമാറ്റമാണ് ഉണ്ടായത്. അതുവരെ ടെലികോം രംഗത്തെ അടക്കി വാണിരുന്ന ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നിവര്‍ ജിയോയ്ക്ക് മുന്നില്‍ കൂപ്പുകുത്തി വീണു. ഈ മൂന്ന് നെറ്റുവര്‍ക്കുകളില്‍ നിന്നും കോടികണക്കിന് ഉപഭോക്താക്കളാണ് ജിയോയിലേയ്ക്ക് ചേക്കേറിയത്. ഇതോടെ മൂന്ന് നെറ്റ്വര്‍ക്ക് ഭീമന്‍മാര്‍ക്കും ലക്ഷം കോടികളുടെ കടക്കാരുമായി. വരുമാനം കുത്തനെ കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്‌തോടെ വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ മിക്ക കമ്പനികളും ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് മറ്റു നെറ്റ്വര്‍ക്കുകളിലേക്കുള്ള ഔട്ട് ഗോയിങ് കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാന്‍ റിലയന്‍സ് ജിയോ തീരുമാനിക്കുന്നത്. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് ജിയോ ഇത്തരമൊരു കടുത്ത തീരുമാനം നടപ്പിലാക്കിയത്.

ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജായി (ഐയുസി) മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനം അവരുടെ എതിരാളികളുടെ എബിറ്റ്ഡാ ( EBITDA-earnings before interest, taxes, depreciation, and amortization) അഥവാ പ്രവര്‍ത്തനാദായം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഐയുസി ഇല്ലാതാക്കുന്നത് 2021ല്‍ ആണെങ്കില്‍ ഇത് ഗുണകരമാകുമെന്നാണ് വാര്‍ത്ത.

‘ഫിനാന്‍ഷ്യല്‍ ഇയര്‍ 2021ല്‍’, ജിയോ, വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ക്ക് എബിറ്റ്ഡാ യഥാക്രമം 10 ശതമാനം, 50 ശതമാനം, 8 ശതമാനം എന്നിങ്ങനെ വര്‍ധിക്കുമെന്നാണ് പറയുന്നത്. പഴയ കമ്പനികള്‍ ജിയോയുടെ വിലവര്‍ധന തങ്ങളുടെ നെറ്റ്വര്‍ക്കിലും വരുത്തിയാലായിരിക്കും ഇത് സംഭവിക്കുക.

റിലയന്‍സ് ജിയോയില്‍ നിന്ന് മറ്റു നെറ്റ്വര്‍ക്കിലേക്കുള്ള വിളികള്‍ ഇനി കുറഞ്ഞേക്കുമെന്നും ഇത് കമ്പനിക്ക് ഗുണകരമായേക്കുമെന്നും വാദമുണ്ട്. ഇന്ത്യന്‍ മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് തങ്ങളുടേതല്ലാത്ത നെറ്റ്വര്‍ക്കിലേക്കുള്ള വിളി ഏറ്റവുമധികം കുറയാന്‍ പോകുന്നത് ജിയോയില്‍ നിന്നാണെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button