തൊടുപുഴ: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. നെടുങ്കണ്ടത്തെ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന ജോളി അവസാന വര്‍ഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. എന്നാല്‍ പാലായിലെ പാരലല്‍ കോളജില്‍ ബികോമിനു ചേര്‍ന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ബികോമിനു ചേര്‍ന്നത് എങ്ങനെയാണെന്ന അന്വേഷണത്തിലാണ് പൊലീസ്.
വിവാഹം കഴിഞ്ഞ് കൂടത്തായിലെത്തിയ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു. പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ന്ന ജോളി പിന്നീട് സെക്കന്റ് ഗ്രൂപ്പിലേക്ക് മാറി. ശരാശരിയില്‍ താഴെ പഠനക്കാരി മാത്രമായിരുന്നു ജോളിയെന്ന് സഹപാഠികള്‍ ഓര്‍മിക്കുന്നു. പഠനം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പുതന്നെ ജോളി കോളജില്‍നിന്നു പുറത്തായതായാണ് 1988-90 അധ്യയന വര്‍ഷത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. പിന്നീട് 1991-94 കാലഘട്ടത്തില്‍ പാലായിലെ പാരലല്‍ കോളജില്‍ ബി. കോമിനു ചേര്‍ന്നുവെന്നാണ് വിവരം.
അതേസമയം കോളജില്‍ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂര്‍ത്തിയാക്കിയിട്ടില്ല. യൂനിവേഴ്സിറ്റി രജിസ്ട്രേഷന് ടി.സി വേണമെന്നിരിക്കേ, ഇതുവരെ നെടുങ്കണ്ടം കോളജില്‍ നിന്ന് ജോളി ടി.സി പോലും വാങ്ങിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണ് പഠിച്ചത് എന്നാണു ജോളി നാട്ടില്‍ പറഞ്ഞിരുന്നത്. നാലു ദിവസത്തോളമായി കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ബി. കോം ബിരുദം നേടി എന്നു ജോളി പറയുമ്പോഴും അതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ രേഖകള്‍ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപികയെന്നു പറഞ്ഞു നടക്കുമ്പോള്‍ എം.കോമിന്റെയും നെറ്റ് പാസായതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ജോളി വ്യാജമായി ഉണ്ടാക്കിയിരുന്നു.
അതേസമയം കട്ടപ്പനയിലെ പാരലല്‍ കോളജില്‍ എം. കോം പഠനത്തിന് ജോളിയെത്തിയെന്ന് പറയുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മൂന്നു ആണ്‍കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറിയിലിരിക്കുന്ന ജോളിയെ കാണാം. എന്‍ഐടി അധ്യാപികയായി വേഷമിടുന്നതിനു മുന്‍പ് ഒരു വര്‍ഷം ബിഎഡിന് ചേര്‍ന്നെന്ന പേരിലും ജോളി വീട്ടില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങി കോഴ്‌സുകള്‍ക്ക് ചേര്‍ന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്‍ഐടിയില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ കോഴ്‌സുകളും ബ്യൂട്ടീഷ്യന്‍ കോഴ്‌സിനും ചേര്‍ന്നിരുന്നതായാണ് പൊലീസിന്റെ സംശയം.
Post Your Comments