തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.മാർക്ക് ദാനവിവാദത്തിൽ തെളിവുണ്ടെങ്കിൽ ഗവർണറെ സമീപിക്കാൻ മന്ത്രി കെടി ജലീൽ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് ഗവർണറെ കാണാൻ രമേശ് ചെന്നിത്തല തീരുമാനിച്ചത്.ഉന്നതവിദ്യാഭ്യാസമന്ത്രിയെ മാറ്റി നിർത്തി നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെടും. ഒപ്പം സാങ്കേതിക സർവകലാശാലയിലേയും എം ജി സർവകലാശാലയിലേയും മാർക്ക് ദാനത്തിലൂടെ എഞ്ചിനീയറിംഗ് ഡിഗ്രി ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെടും.
എം ജി സർവകലാശാല വൈസ് ചാൻസലർക്കെതിരെയും സിൻഡിക്കേറ്റിനെതിരെയും നടപടി വേണമെന്നും ചെന്നിത്തല ഗവർണറോട് ആവശ്യപ്പെടും.5 മാർക്ക് കൂട്ടി നൽകിയതോടെ എഞ്ചിനീയറിംഗ് ഡിഗ്രി പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ ഉടൻ പുറത്ത് വിടാനാണ് പ്രതിപക്ഷനീക്കം. ഇതിനിടെ ഗവർണർ സർവകലാശാല വിസിയോട് റിപ്പോർട്ട് തേടിയതായാണ് സൂചന.
Post Your Comments