പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഉണ്ട് എന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കോന്നിയില്‍ എന്‍ .ഡി എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ബോഫോഴ്‌സ് കുംഭകോണത്തിന്റെ അമ്പതു മടങ്ങിലേറെ തുകയുടെ അഴിമതിയാണ് ഇതിനു പിന്നിലുള്ളത്.വന്‍ ഗുഢാലോചനയും നിഗൂഡതയും ഈ ഇടപാടിന് പിന്നിലുണ്ട്. സര്‍ക്കാര്‍ ഭൂമി ഖജനാവിലെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ് .നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളും ട്രസ്റ്റുകളും കൈവശം വയ്ക്കുന്നത് സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.സര്‍ക്കാരില്‍ ഉടമസ്ഥാവകാശം നിക്ഷിപ്തതമായ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ അഞ്ഞൂറ് ഏക്കര്‍ ഭൂമി പണം നല്‍കി ഏറ്റെടുക്കാന്‍ തൊള്ളായിരം കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കുന്നതിനു പിന്നില്‍ ദുരുഹത ഉണ്ട്.
അഞ്ഞൂറ് ഏക്കറിലെ ഭൂമി കച്ചവടം മാത്രമല്ല, 2226 ഏക്കറിലെ ഭൂമി കച്ചവടം കൂടിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ നടക്കുന്നത്. ഇതിനു പിന്നില്‍ സഹസ്രകോടിയുടെ ഇടപാടുകള്‍ ഉണ്ട്. ഈ ഇടപാടുകള്‍ക്ക് പിന്നില്‍ സി പി എം നേതാക്കളാണ് ഉള്ളത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അഴിമതിയോട് കേരളത്തിലെ സി പി എം നേതാക്കള്‍ ഈ അഴിമതിയിലൂടെ മത്സരിക്കുകയാണ്.
ചെറുവള്ളി എസ്‌റേററ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം സുപ്രീം കോടതി വിധിയുടെയും ഭരണഘടനയുടേയും ലംഘനമാണ്. ഭരണഘടനയനുസരിച്ച്പതിനഞ്ച് ഏക്കര്‍ ഭൂമിക്ക് അധികം വരുന്ന ഭൂമി പൊന്നും വില നല്‍കി ഏറ്റെടുക്കാനാവില്ല.എന്നാല്‍ ചെറുവള്ളി എസ്‌റേററ്റ് വിഷയത്തില്‍ 500 ഏക്കറാണ് പൊന്നുംവില നല്‍കി ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നത്. ഭരണക്കാരുടെ ഈ അഴിമതിക്ക് പ്രതി പക്ഷവും മൗനാനുവാദം നല്‍കുന്നു. ഇവര്‍ ഇരുവരും ഈ കച്ചവടത്തില്‍ പങ്കാളികളാണ്. ഈ ഇടപാടിനെ നിയമപരമായും രാഷ്ട്രീയമായും ബി ജെ പി നേരിടും.
ശബരിമലയുടെ പേര് വിമാനത്താവള പദ്ധതിയിലേക്ക് വലിച്ചിഴക്കുന്നതിലും ഗുഢാലോചന ഉണ്ട്. ആയിരക്കണക്കിന് കോടികളുടെ അഴിമതിക്ക് ശബരിമലയെ കൂട്ടുപിടിക്കുകയാണ്. വിമാനത്താവളമല്ല, ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ശബരിമലയില്‍ വേണ്ടത് .കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ സംസ്ഥാനത്തെ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി സി ബി ഐ അന്വേഷിച്ചാല്‍ യുഡിഎഫിലേയും എല്‍ ഡി എഫിലേയും നേതാക്കള്‍ മിക്കവരും സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും. അഴിമതി കാണിക്കുന്നതില്‍ കോണ്‍ഗ്രസിനോട് സി പി എം മത്സരിക്കുകയാണ് എന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി.രാമന്‍ നായര്‍ ,സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത്കുമാര്‍, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്നിവരും സന്നിഹിതരായിരുന്നു.
Post Your Comments