തിരുവനന്തപുരം : ബാങ്കുകാര്‍ വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച്, സ്വന്തം വീടിനു മുകളില്‍ കയറി നിന്നു ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ദിവസം വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിച്ചു.ശേഷമാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ബാങ്ക് അധികൃതരൊന്നും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ലെന്നാണ് വിവരം.പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തുമെന്നാണ് വിവരം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയാ ബാങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നുവെന്നും ശേഷം ആറു ലക്ഷം രൂപ തിരിച്ചടച്ചെന്നുമാണ് സെല്‍വി പറയുന്നത്. വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ച ശേഷം ഇനിയും 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്കുകാര്‍ ജപ്തിക്ക് ശ്രമിച്ചിരുന്നു. അന്ന് പ്രദേശവാസികൾ തന്നെ ജപ്തി ചെയ്ത വീടുതുറന്ന് സെല്‍വിയെ അവിടെ താമസിക്കാന്‍ സഹായിച്ചിരുന്നു. ഇന്നലെ വീണ്ടും ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.
Post Your Comments