മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് വാച്ച്മാനും സിപിഎം തിരുനെല്ലി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ സി മണി കൊല്ലപ്പെട്ടു. 44 വയസായിരുന്നു. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ 6 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി പാന്റ് എന്റര്‍പ്രൈസസിനകത്ത് വച്ചാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. കാട്ടാന മണിയെ അടിച്ച് വീഴ്ത്തി ആക്രമിക്കുകയായിരുന്നു.
കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ പാന്റ് എന്റര്‍ പ്രൈസസിലെ ജീവനക്കാരന്‍ പ്രദേശവാസികളെ വിളിച്ച് കൂട്ടി ചെന്ന് നോക്കുമ്പോഴാണ് പരിക്കേറ്റ നിലയില്‍ മണിയെ കണ്ടത്. ഉടന്‍ തന്നെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. നേരത്തെ തിരുനെല്ലി ലോക്കല്‍ സെക്രട്ടറിയായിരുന്നു മണി.
പുതിയ കോവിലകം മരിയ വിന്റര്‍ഗാര്‍ഡന്‍ 23 വര്‍ഷമായി വാച്ചറായിരുന്നു. ചങ്കുമൂല സാരംഗ് നിവാസില്‍ ചാമിയാറിന്റെയും ജാനകിയുടെയും മകനാണ്. അപ്പപ്പാറ ക്ഷീരോല്‍പാദക സംഘം പ്രസിഡന്റാണ്. ഭാര്യ: അനിത. മക്കള്‍: സാരംഗ്, സായൂജ്.
Post Your Comments