ബറേലി: നവജാത ശിശുവിനെ ജീവനോടെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. വ്യാപാരി ഹിതേഷ് കുമാര്‍ സിരോഹിയാണ് ജീവനോടെയുള്ള പെണ്‍കുട്ടിയെ മണ്‍പാത്രത്തില്‍ കണ്ടെത്തിയത്. മാസം തികയാതെ ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരിച്ച തന്റെ കുഞ്ഞിനെ അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് വെറും മൂന്നടി താഴ്ചയില്‍ മണ്‍പാത്രത്തിലാക്കിയ നിലയില്‍ നവജാത ശിശുവിനെ കണ്ടത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബരേലിയിലെ സബ് ഇന്‍സ്‌പെക്ടറാണ് സിരോഹിയുടെ ഭാര്യയായ വൈശാലി.
പ്രസവവേദനയെത്തുടര്‍ന്ന് ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൈശാലി മാസം തികയാതെ പ്രസവിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം കുഞ്ഞ് മരിച്ചു. തുടര്‍ന്ന് വൈകുന്നേരം മകളെ അടക്കം ചെയ്യുന്നതിനായി എത്തിയ സിരോഹി മറ്റൊരു കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ‘കുഴി കുഴിക്കുന്നതിനിടയില്‍, മൂന്നടി താഴ്ചയില്‍, മണ്‍വെട്ടി ഒരു മണ്‍പാത്രത്തില്‍ തട്ടി, അത് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോള്‍ ഒരു പെണ്‍കുട്ടി കിടക്കുന്നു. കുഞ്ഞ് ജീവനോടെയുണ്ടെന്നും ശ്വാസോച്ഛ്വാസം ഉണ്ടെന്നും മനസിലായെന്ന് ഇവര്‍ പറയുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം പൊലീസിനെ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു, പെണ്‍കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു. അതേസമയം ബിതാരി ചെയിന്‍പൂര്‍ എംഎല്‍എ രാജേഷ് മിശ്ര പെണ്‍കുട്ടിയുടെ ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് ബറേലി ചീഫ് മെഡിക്കല്‍ ഓഫീസര്‍ (സിഎംഒ) വിടി ശുക്ല പറഞ്ഞു.
Post Your Comments