തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയില്‍ വന്‍ അട്ടിമറി. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയര്‍ന്ന പരീക്ഷകളായ ആസൂത്രണ ബോര്‍ഡ് ചീഫ് സോഷ്യല്‍ സര്‍വിസ്, ചീഫ് പ്ലാനിങ് കോഓഡിനേഷന്‍, ചീഫ് ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നിവയുടെ റാങ്ക് പട്ടികകളിലാണ് ക്രമക്കേട് നടന്നത്. 89,000-1,20,000 രൂപ ശമ്പള സ്കെയിലിലാണ് നിയമനങ്ങള്‍.എഴുത്തുപരീക്ഷയില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ഥികളെ വെട്ടിയൊതുക്കി, പകരം പിന്നിലായ ആസൂത്രണ ബോര്‍ഡിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നിയമനം ഉറപ്പാക്കുന്നതിന് അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം.
എഴുത്തുപരീക്ഷക്കുശേഷം നടത്തുന്ന അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നല്കാന് പാടില്ലെന്ന സുപ്രീംകോടതിവിധി നിലനില്‍ക്കെയാണ് ഇടതുപക്ഷ അനുഭാവികളായ മൂന്നു പേര്‍ക്ക് 90 മുതല്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നല്‍കിയത്. പി.എസ്.സി അഭിമുഖപരീക്ഷയുടെ ചരിത്രത്തില്‍തന്നെ ഏറ്റവും ഉയര്‍ന്ന മാര്ക്കാണിതെന്ന് പി.എസ്.സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.2018 നവംബറിലാണ് മൂന്ന് തസ്തികയിലേക്കും എഴുത്തുപരീക്ഷ നടത്തിയത്. ഓരോ ഒഴിവ് വീതമാണ് ഉണ്ടായിരുന്നത്.
ചീഫ് സോഷ്യല്‍ സര്‍വിസ് തസ്തികയില്‍ 200ല്‍ 91.75 മാര്‍ക്ക് നേടി പി.ജെ. സൗമ്യയാണ് ഒന്നാമതെത്തിയത്. എന്നാല്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനെ ഒപ്പമിരുത്തി കഴിഞ്ഞ സെപ്റ്റംബറില്‍ പി.എസ്.സി നടത്തിയ അഭിമുഖത്തില്‍ സൗമ്യക്ക് ലഭിച്ചത് 40ല്‍ 11 മാര്‍ക്ക്. സൗമ്യക്ക് പിന്നില്‍ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കെ.ജി.ഒ.എ സംസ്ഥാന നേതാവിനും ആസൂത്രണ ബോര്‍ഡിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത് 36 മാര്‍ക്ക്. ഇതോടെ ഒന്നാം സ്ഥാനക്കാരി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ചീഫ് ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് തസ്തികയിലെ എഴുത്തുപരീക്ഷയില്‍ 200ല്‍ 52.50 മാര്‍ക്ക് നേടിയയാളെ മുന്നിലെത്തിക്കാന്‍ നല്‍കിയത് 40ല്‍ 38 മാര്‍ക്ക്. അഭിമുഖത്തില്‍ വാരിക്കോരി മാര്‍ക്ക് നല്‍കിയതോടെ എഴുത്തുപരീക്ഷയില്‍ പിന്നിലായ ഇടത് അനുഭാവികളായ മൂന്നുപേരും മൂന്ന് റാങ്ക് പട്ടികകളിലും നിയമനം ഉറപ്പിച്ചു.ആസൂത്രണ ബോര്‍ഡില്‍ മൂന്നുപേര്‍ക്കുമുള്ള മുന്‍പരിചയവും ആസൂത്രണവിഷയങ്ങളില് ഇവരുടെ അറിവും പരിഗണിച്ചാണ് ഇത്രയും മാര്‍ക്ക് നല്‍കിയതെന്ന് പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ പറയുന്നു. മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments