പാലക്കാട്: നിറവയറുമായി ലാവണ്യ ഭവാനിപ്പുഴയുടെ കുത്തൊഴുക്കിന് മീതെ രണ്ടുകയറുകളുടെയും ലൈഫ് ജാക്കറ്റിന്റെയും ഉറപ്പില്‍ മറുകരപറ്റുന്ന ദൃശ്യം ചങ്കിടിപ്പോടെയാണ് കേരളം കണ്ടത്. അഗ്നിശമന സേനയുടെയും പൊലീസിന്റെയും ഊരു നിവാസികളുടെയും നിശ്ചയദാര്‍ഢ്യം രണ്ടു ജീവനുകളാണ് രക്ഷിച്ചത്. സുരക്ഷിതയായി മറുകര താണ്ടിയ ലാവണ്യക്ക് കുഞ്ഞു പിറന്നു. തമ്പി എന്നാണ് കുഞ്ഞിന് പേരിട്ടത്. ഭവാനിപ്പുഴ കുത്തിയൊലിച്ച് ഒഴുകിയപ്പോള്‍ അഗളി പട്ടിമാളം തുരുത്തില് അകപ്പെട്ടുപോയതായിരുന്നു ലാവണ്യയും കുടുംബവും.
പുഴയ്ക്കു കുറുകെ കെട്ടിയ വടത്തിലൂടെ ശരീരത്തില്‍ ബന്ധിച്ച ജാക്കറ്റില്‍ തൂങ്ങിയാടി നിറവയറുമായി മറുകരപറ്റിയത് പേടിയോടെ ഓര്‍ക്കാനെ ലാവണ്യയ്ക്ക് സാധിക്കുന്നുള്ളു. ചെന്നൈയിലെ സോഫ്റ്റ്വെയര് എന്‍ജനിയര്‍ ആയ ഭര്‍ത്താവ് മുരുകേശനു ശസ്ത്രക്രിയാനന്തര വിശ്രമത്തിനു ഭര്‍തൃഗൃഹത്തില്‍ എത്തിയതായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 9ന് ഒറ്റപ്പെട്ട തുരുത്തിനു മീതെ ഭവാനിപ്പുഴ ഒഴുകിയതോടെ പരിഭ്രാന്തിയായി. മുറ്റം വരെ വെള്ളമെത്തിയപ്പോള്‍ സഹായം തേടുകയായിരുന്നു.
ആദ്യം അറുപതുകാരിയായ പഴനിയമ്മയെ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് അവരുടെ ഭര്‍ത്താവ് ശെല്‍വരാജ്. ശേഷം മകന് മുരുകേശനെയും ഒന്നര വയസുള്ള കുഞ്ഞിനെയും രക്ഷിച്ചു. കുഞ്ഞിനെ മുരുകേശന്റെ നെഞ്ചോട് ചേര്‍ത്തുവച്ച് തോര്‍ത്തുകൊണ്ട് കെട്ടിയാണ് രക്ഷപ്പെടുത്തിയത്.തുടര്‍ന്നാണ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന കാഴ്ച. എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെ രക്ഷിക്കാനുള്ള ദൗത്യം പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. ലാവണ്യയുടെ ശാരീരിക – മാനസിക ആരോഗ്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
അക്കരയുള്ള മോളെയും കുടുംബത്തെയും മാത്രം നോക്കി കയറിലൂടെ ലാവണ്യ നദി താണ്ടുകയായിരുന്നു. അവസാനമായി ജോലിക്കാരന് പൊന്നനും സുരക്ഷിതനായി എത്തിയപ്പോള്‍ നാട്ടുകാര്‍ കയ്യടിച്ചാണ് സ്വീകരിച്ചത്. അതേസമയം തിരുച്ചിറപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ലാവണ്യ ഒക്ടോബര്‍ രണ്ടിന് രാവിലെ 6.49ന് ആണ്‍കുഞ്ഞിന് ജന്മം നല്കി.
Post Your Comments