ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ റാന്‍ബാക്സി മുന്‍ ഉടമ അറസ്റ്റില്‍. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഔഷധ നിര്‍മാണ കമ്പനിയായ റാന്‍ബാക്സിയുടെ മുന്‍ ഉടമകളിലൊരാളായ ശിവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ലിയൂ) ആണ് ഇന്നലെ ശിവിന്ദറിനെ അറസ്റ്റ് ചെയ്തത്. ഇതേ കുറ്റത്തിന് സുനില്‍ ഗോദ്വാനി, കവി അറോറ, അനില്‍ സക്‌സേന എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദിര്‍ മാര്‍ഗിലുള്ള ഇ.ഒ.ഡബ്ലിയൂവിന്റെ ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
2018ല്‍ റെലിഗെയര്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡാണ് സിംഗ് സഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ പ്രതിയായ സഹോദരന്‍ മല്‍വിന്ദര്‍ സിംഗിനെയും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. മേയ് മാസം മുതല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. വിശ്വാസവഞ്ചന, തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റാന്‍ബാക്‌സിയെ 2008ല്‍ ജപ്പാന്‍ ആസ്ഥാനമായ ഡയ്കി സാന്‍കോയ്ക്ക് വിറ്റിരുന്നു. വസ്തുതകള്‍ മറച്ചുവച്ച് വില്‍പന നടത്തിയതിന്റെ പേരില്‍ ഡയ്കി സാന്‍കോ നല്‍കിയ കേസില്‍ ഇവര്‍ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിങ്കപ്പുര്‍ കോടതി വിധിച്ചിരുന്നു.
Post Your Comments