ദുബായ് : ദുബായിലെ മാളില്‍ ഉപേക്ഷിയ്ക്കപ്പെട്ട കുട്ടിയെ സംബന്ധിച്ച് പുതിയ വിവരം. മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചുവയസ്സുകാരന്‍ സാഡ്രിക്കിന്റെ തങ്ങളോടൊത്തുള്ള പഴയ ചിത്രങ്ങള്‍ പങ്കുവച്ച് വളര്‍ത്തച്ഛന്‍. പൊലീസ് അറസ്റ്റ് ചെയ്ത നാലു യുവതികളിലൊരാള്‍ അവന് ജന്മം നല്‍കിയ മാതാവായിരിക്കാമെന്നും ഇദ്ദേഹം പറയുന്നു.
കുട്ടിയെ എടുത്ത തലമറച്ച ഇന്തൊനീഷ്യന്‍ യുവതിയായിരിക്കാം സാഡ്രിക്കിന്റെ മാതാവെന്നാണ് വളര്‍ത്തച്ഛന്‍ പാക്കിസ്ഥാന്‍ സ്വദേശി ഗുലാം അബ്ബാസ് (48) അവകാശപ്പെടുന്നത്. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഇദ്ദേഹം 2015ല്‍ അജ്മാനില്‍ ഭാര്യയോടൊപ്പം താമസിച്ചപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഒരു ചിത്രത്തില്‍ ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമി ക്വിന്‍ഡാറ (മായ-51) കുട്ടിയെ എടുത്ത ചിത്രവും കാണാം.
സെപ്റ്റംബര്‍ ആറിനാണ് സാഡ്രിക്കിനെ ദുബായിലെ ഒരു മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പറഞ്ഞാണ് മേരിമി മുറഖബാദ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സൂപ്പര്‍മാനാണ് തന്റെ പിതാവെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.
ഉടന്‍ തന്നെ ഒരാള്‍ കുട്ടിയെ തിരിച്ചറിയുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയെ സെപ്റ്റംബര്‍ 9ന് പൊലീസ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രന് കൈമാറിയിരുന്നു. ഗുലാം അബ്ബാസിന്റെ ഭാര്യ മേരിമിയടക്കം 39 മുതല്‍ 57 വയസ്സുവരെ പ്രായമുള്ള നാലു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാവ് സ്വന്തം നാട്ടിലേക്ക് പോയതില്‍പ്പിന്നെ സാഡ്രിക്കിനെ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ സംരംക്ഷിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ തടവിലുള്ള മേരിമി പറയുന്നത്. ഭാര്യയുടെ മോചനമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്ന് ഗുലാം അബ്ബാസും പറയുന്നു. എന്നാല്‍ കുട്ടിയെ ദത്തെടുക്കാന്‍ താന്‍ തയാറാണെന്നും തുടര്‍ന്ന് സ്വന്തം മകനെപ്പോലെ വളര്‍ത്താമെന്നും അജ്മാനില്‍ ഒന്‍പത് വര്‍ഷം ഫൊട്ടോഗ്രഫറായിരുന്ന ഇയാള്‍ വ്യക്തമാക്കി
Post Your Comments